രാഹുലിന്റെ സ്ഥാനാർഥിത്വം ബി.ജെ.പിക്ക് പ്രചാരണം നടത്താനുള്ള ആയുധമായി മാറിയെന്ന് എം.എ ബേബി
ദക്ഷിണേന്ത്യയിൽ തരംഗം ഉണ്ടാകുമെന്ന കോൺഗ്രസിന്റെ മോഹം നടക്കുമെന്ന് അറിയില്ലെന്ന് എം.എ ബേബി
വയനാട്ടിൽ രാഹുൽ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും കോൺഗ്രസിന് അനുകൂലമായ തരംഗം ഉണ്ടാവുമെന്നത് വ്യാമോഹം മാത്രമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പിക്ക് പ്രചാരണം നടത്താനുള്ള ആയുധമായി മാറിയെന്നും സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂലമായ തരംഗമാണെന്നും പത്തനംതിട്ട പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിൽ എം.എ ബേബി പറഞ്ഞു.
യു.പി യിൽ കോൺഗ്രസിന് 2 സീറ്റ് മാത്രമാണുള്ളത്. ദക്ഷിണേന്ത്യയിൽ തരംഗം ഉണ്ടാകുമെന്ന കോൺഗ്രസിന്റെ മോഹം നടക്കുമെന്ന് അറിയില്ലെന്നും കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ദാരിദ്യ നിർമ്മാര്‍ജനം, കർഷക ക്ഷേമ പദ്ധതികൾ എന്നിവ നടപ്പാക്കാൻ ഉള്ളത് ആണോ എന്ന് സംശയമുണ്ടെന്നും എം.എ ബേബി പറഞ്ഞു. പണാധിപത്യത്തിനും അഴിമതിക്കും സ്ഥാപനവൽക്കരണത്തിനും വേണ്ടിയുള്ള ഭരണമായിരുന്നു മോദിയുടെതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്‍റെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്ന് ബേബി പറഞ്ഞു. സമുദായ സംഘടനാ നേതാക്കൾ പറഞ്ഞാൽ സർവരും കേൾക്കും എന്ന് പറയുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഏതെങ്കിലും സാമുദായിക സംഘടനകളെ വഴിവിട്ട് പ്രീണിപ്പിക്കാനാവില്ലെന്നും എം.എ ബേബി പറഞ്ഞു.