സി.പി.എം ഏരിയ കമ്മിറ്റി അംഗം കോൺഗ്രസിൽ ചേർന്നു: വയനാട്ടിൽ കോൺഗ്രസിലും സി.പി.എമ്മിലും രാജി തുടരുന്നു

മൂന്ന് ദിവസത്തിനിടെ കോൺഗ്രസ് വിട്ടത് നാല് മുതിർന്ന നേതാക്കൾ. കൂടുതൽ നേതാക്കൾ എത്തുമെന്ന് അവകാശപ്പെട്ട് ഇരു പാർട്ടികളും.

Update: 2021-03-04 02:28 GMT

വയനാട്ടിൽ കോൺഗ്രസിലും സിപിഎമ്മിലും രാജി തുടരുന്നു. മൂന്ന് ദിവസത്തിനിടെ നാല് മുതിർന്ന കോൺഗ്രസ് നേതാക്കൾ രാജിവെച്ചപ്പോൾ, സി.പി.എം ഏരിയ കമ്മിറ്റി അംഗവും ആദിവാസി ക്ഷേമസമിതി ദേശീയ വൈസ് പ്രസിഡന്റുമായ ഇ.എ.ശങ്കരൻ രാജി വെച്ച് കോൺഗ്രസിലെത്തി. കൂടുതൽ ആളുകൾ പാർട്ടിവിട്ട് വരുമെന്ന് ഇരുവിഭാഗങ്ങളും അവകാശപ്പെടുന്നുമുണ്ട്.

കെ.പി.സി.സി സെക്രട്ടറിയായ എം.എസ്. വിശ്വനാഥനാണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നത്. അവഹേളനം സഹിയ്ക്കാൻ സാധിയ്ക്കാത്തതിനാലാണ് പാർട്ടി വിടുന്നതെന്ന് എം.എസ്. വിശ്വനാഥൻ പറഞ്ഞു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വിശ്വനാഥൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാനും സാധ്യതയുണ്ട്.

Advertising
Advertising

അതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇ.എ. ശങ്കരൻ സിപിഎം വിട്ട് കോൺഗ്രസിലെത്തിയത്. ആദിവാസി ജനവിഭാഗത്തോട് സർക്കാർ കാണിയ്ക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ഇ.എ. ശങ്കരൻ പറഞ്ഞു. സിപിഎമ്മിനോട് കടുത്ത വഞ്ചനയാണ് ശങ്കരൻ കാണിച്ചതെന്ന് സി.കെ. ശശീന്ദ്രൻ എംഎൽഎ പ്രതികരിച്ചു.

Full View

ഇ.എ. ശങ്കരനെ ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കില്ലെന്ന് ഐ.സി. ബാലകൃഷ്ണനും പ്രതികരിച്ചു. ആരു പോയാലും കോൺഗ്രസിന് ഒന്നും സംഭവിയ്ക്കില്ല. പോയവർ ഇന്നല്ലെങ്കിൽ നാളെ തിരിച്ചെത്തും. കോൺഗ്രസിനെ സ്നേഹിയ്ക്കുന്ന നിരവധി പേർ പാർട്ടിയിലേയ്ക്ക് വരുമെന്നും ഐസി ബാലകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. കോൺഗ്രസിലെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കും. പാർട്ടിവിട്ടവരെ കുറിച്ച് അണികൾക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളായ പി.കെ. അനിൽകുമാർ, കെ.കെ. വിശ്വനാഥൻ, സുജയാ വേണുഗോപാൽ എന്നിവർ രാജിവെച്ച് എൽഡിഎഫ് ഘടക കക്ഷികളിൽ ചേർന്നിരുന്നു.

Tags:    

Similar News