ഇറാഖില്‍ വിവാഹാഘോഷത്തിനിടെ തീപിടിത്തം; വധൂവരന്‍മാരടക്കം 100 പേര്‍ മരിച്ചു

വടക്കു കിഴക്കന്‍ ഇറാഖിലെ നിനേവ പ്രവിശ്യയിൽ ആണ് അപകടം

Update: 2023-09-27 03:51 GMT
Editor : Jaisy Thomas | By : Web Desk

ഹംദാനിയ ജനറല്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

Advertising

ബാഗ്‍ദാദ്: ഇറാഖിൽ വിവാഹത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 100 മരണം.വടക്കു കിഴക്കന്‍ ഇറാഖിലെ നിനേവ പ്രവിശ്യയിൽ ആണ് അപകടം. വധുവരൻമാരടക്കം മരിച്ചു. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റു.

വടക്കൻ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഒരു ഇവന്‍റ് ഹാളിലാണ് തീപിടിത്തമുണ്ടായതെന്ന് മാധ്യമങ്ങളും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഏകദേശം 10:45 ന് (19:45 GMT)  ആണ് ദുരന്തം സംഭവിച്ചത്.   ഹംദാനിയയിലെ പ്രധാന ആശുപത്രിയിലേക്ക് നിരവധി ആംബുലന്‍സുകള്‍ എത്തിയതായും ഡസൻ കണക്കിന് ആളുകൾ രക്തം ദാനം ചെയ്യാൻ പരിസരത്ത് കൂട്ടം കൂടിയത് കണ്ടതായും ഒരു എഎഫ്‌പി ഫോട്ടോഗ്രാഫർ സാക്ഷ്യപ്പെടുത്തുന്നു. തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ (ഏകദേശം 250 മൈൽ) വടക്കുപടിഞ്ഞാറായി വടക്കൻ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.

ആഘോഷത്തിനിടെ ഉപയോഗിച്ച പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ഇറാഖ് സിവിൽ ഡിഫൻസ് അറിയിച്ചു.അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെട്ടവരെ തിരയുന്നതിനായി കെട്ടിടത്തിന്‍റെ കത്തിനശിച്ച അവശിഷ്ടങ്ങൾക്ക് മുകളിലൂടെ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപിടിത്തത്തിൽ സീലിങ്ങിന്‍റെ ചില ഭാഗങ്ങൾ ഇടിഞ്ഞുവീണിരുന്നു. ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചതെന്നും ആരോപണമുണ്ട്. 

പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവർണർ ഐഎൻഎയോട് പറഞ്ഞു. മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News