കെനിയന്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുപ്പ് ക്യാമ്പെയിനില്‍ സഹായിച്ച രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

മൂന്നു മാസം മുന്‍പാണ് ഇരുവരെയും കാണാതായത്

Update: 2022-10-23 08:27 GMT
Advertising

നെയ്റോബി: കെനിയയില്‍ മൂന്നു മാസം മുന്‍പ് കാണാതായ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. സുല്‍ഫിക്കര്‍ അഹമ്മദ് ഖാന്‍, മുഹമ്മദ് സെയ്ദ് സമി കിദ്വായി എന്നിവരാണ് കൊല്ലപ്പെട്ടത്. കെനിയന്‍ പ്രസിഡന്‍റ് വില്യം റൂതോയുടെ സഹായി ഇതുംബിയാണ് ഇക്കാര്യം അറിയിച്ചത്.

കെനിയന്‍ പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സാമൂഹ്യ മാധ്യമ ടീമിന്‍റെ ചുമതലയായിരുന്നു ഇരുവര്‍ക്കും. ടാക്സി ഡ്രൈവറായ നിക്കോഡെമസ് മ്വാനിയയ്‌ക്കൊപ്പം ജൂലൈയിൽ മൊംബാസ റോഡിൽ നിന്നാണ് ഇരുവരെയും കാണാതായത്. റൂതോ പിരിച്ചുവിട്ട കുപ്രസിദ്ധ ടാക്‌സ് ഫോഴ്‌സായ എസ്.എസ്‌.യു ആണ് കൊലയ്ക്കു പിന്നിലെന്നാണ് സംശയം. നിയമവിരുദ്ധ കൊലപാതകങ്ങളുടെയും നൂറു കണക്കിനു പേരെ കാണാതായതിന്‍റെയും പേരിലാണ് എസ്.എസ്.യു കുപ്രസിദ്ധി നേടിയത്.

എസ്.എസ്.യു പിരിച്ചുവിടണമെന്ന് നിരവധി മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റൂതോ പ്രസിഡന്റായതിനു ശേഷം ആദ്യമായി സ്വീകരിച്ച നടപടികളിലൊന്നായിരുന്നു എസ്.എസ്.യു പിരിച്ചുവിടുക എന്നത്. ഇതിനുള്ള പ്രതികാരമായാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുപ്പില്‍ സഹായിച്ച രണ്ടു പേരെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

ബാലാജി ടെലിഫിലിംസ് ചീഫ് ഓപറേറ്റിങ് ഓഫിസറായിരുന്നു സുല്‍ഫിക്കര്‍ അഹമ്മദ് ഖാന്‍. സ്റ്റാര്‍ ഗോള്‍ഡ്, നാഷനല്‍ ജിയോഗ്രഫിക് തുടങ്ങിയ ചാനലുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരെയും കാറില്‍ നിന്നിറക്കി കണ്ടെയ്നറില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യം അധികൃതര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ ഇരുവരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്.

റൂതോയുടെ വിജയത്തില്‍ ഇരുവരുടെയും സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ഇതുംബി പറഞ്ഞു- "ചിലപ്പോൾ ഞങ്ങളുടെ ടീമിന് ഗ്രാഫിക്സ് ആവശ്യമായി വന്നപ്പോൾ, അവർ ചെയ്തുകൊണ്ടിരുന്ന ജോലി നിര്‍ത്തിവെച്ച് ഞങ്ങളെ സഹായിച്ചു. അവർ എന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. തെരഞ്ഞെടുപ്പിന് ശേഷം വരാമെന്ന് ഞാൻ അവരോട് പറഞ്ഞു. അവര്‍ കെനിയയിലെ ദിവസങ്ങള്‍ ആസ്വദിച്ചു".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News