കടൽ കര തകർത്തൊഴുകിയിട്ട് ഇരുപതാണ്ട്; ലോകത്തെ നടുക്കിയ സുനാമി

രണ്ടര ലക്ഷത്തിലധികം പേരുടെ ജീവനെടുക്കുകയും കണക്കില്ലാത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്താണ് ആ കൂറ്റൻ തിരകൾ മടങ്ങിയത്

Update: 2024-12-25 07:39 GMT
Editor : സനു ഹദീബ | By : Web Desk

ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നിന് ഇരുപത് വയസ്. 2004 ഡിസംബർ 26 ന് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ആഞ്ഞടിച്ച സുനാമിയിൽ 14 രാജ്യങ്ങളാണ് ബാധിക്കപ്പെട്ടത്. രണ്ടര ലക്ഷം പേർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ പതിനായിരത്തിലധികം ആളുകൾക്ക് സുനാമിയിൽ ജീവൻ നഷ്ടമായി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരള, കർണാടക തീരങ്ങളിലും സുനാമിയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.

ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സുനാമിയാണ് തെക്കൻ, തെക്ക്- കിഴക്കൻ ഏഷ്യയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി കടന്നുപോയത്. സുന്ദ ട്രെഞ്ചിൽ ഉണ്ടായ റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു സുനാമിക്ക് കാരണമായത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂകമ്പം ആണിത്. അത് സമുദ്രത്തിൻ്റെ അടിത്തട്ടിൽ 800 മൈൽ (1,300 കിലോമീറ്റർ) വിള്ളൽ വീഴ്ത്തിയിരുന്നു.

Advertising
Advertising

ഭൂചലനം, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു. മണിക്കൂറുകൾക്കുള്ളിൽ, ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായി സുനാമി കരയിലേക്ക് അടിച്ച് കയറി. 30 അടി വരെ ഉയരമുണ്ടായിരുന്ന തിരമാലകളാണ് അന്ന് കര തൊട്ടത്.

2,27,000-ത്തിലധികം പേരുടെ ജീവനെടുക്കുകയും കണക്കില്ലാത്ത നാശങ്ങൾ ഉണ്ടാക്കുകയും ചെയ്താണ് ആ കൂറ്റൻ തിരകൾ മടങ്ങിയത്. ആദ്യ മണിക്കൂറുകളിൽ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിച്ചില്ലെങ്കിലും, വരും ദിവസങ്ങളിൽ ലോകം സുനാമി തീർത്ത നഷ്ടങ്ങൾ കണ്ടറിയുകയായിരിക്കുന്നു.ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഒന്നര ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് കൊല്ലപ്പെട്ടു. ശ്രീലങ്കയിൽ 35000 ആളുകൾക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ആൻഡമാൻ നിക്കോബാർ മേഖലയിലായിരുന്നു. ഏകദേശം 7000 ആളുകൾ ഇവിടെ കൊല്ലപ്പെട്ടു. തമിഴ്‍നാട്ടിലെ കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമങ്ങളിലും വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. 800 ഓളം പേർ ഇവിടെ മരിച്ചുവെന്നാണ് കണക്കുകൾ.

കേരളത്തിലെ 190 തീരദേശ ഗ്രാമങ്ങൾ നശിച്ചു. 17381 വീടുകൾ തകർന്നു. മരണം 171. ബാധിക്കപ്പെട്ടത് 6 ജില്ലകളിലെ 4 ലക്ഷം കുടുംബങ്ങൾ. ഏറ്റവും കൂടുതൽ മരണം കൊല്ലം ജില്ലയിലായിരുന്നു. 61 കുട്ടികൾ അടക്കം 130 പേർ ഇവിടെ മരിച്ചു. ആലപ്പുഴയിൽ 35, എറണാകുളത്ത് 5 എന്നിങ്ങനെയായിരുന്നു മരണനിരക്ക്. ഇവിടങ്ങളിൽ തന്നെയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തത്. പലയിടത്തും അരകിലോമീറ്റർ മുതൽ 2 കിലോമീറ്റർ വരെ കര കടൽ കയറിയിരുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News