കഴിക്കുന്ന 42 ശതമാനം പേർക്കും അറിയില്ല ആ 'രഹസ്യം'; റീ ബ്രാൻഡിങിനൊരുങ്ങി ലെയ്‌സ്
ഗസ വംശഹത്യയിൽ ഇസ്രായേലിനെ പിന്തുണക്കുന്നു എന്ന കാരണത്താൽ ആഗോള തലത്തിൽ ലെയ്‌സടക്കമുള്ള പെപ്‌സികോ ഉൽപന്നങ്ങൾ ബഹിഷ്‌കരണം നേരിടുന്നതിനിടെയാണ് മാറ്റം
വാഷിങ്ടൺ: ചിപ്‌സുകളിലെ പ്രമുഖനാണ് ലെയ്‌സ്. ലോകത്തെല്ലായിടത്തുമായി ഏകദേശം 200ലധികം വ്യത്യസ്ത രുചികളിൽ ഉരുളക്കിഴങ്ങ് ചിപ്‌സുകൾ വിൽപന നടത്തുന്ന കമ്പനി ഇപ്പോൾ റീബ്രാൻഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അടുത്തിടെ നടത്തിയ മാർക്കറ്റിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.
200ലധികം വ്യത്യസ്ത രുചികളുള്ള കമ്പനിയുടെ ചിപ്‌സ് പാക്കറ്റുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് നിലവിൽ ഉരുളക്കിഴങ്ങിന്റെ ചിത്രമുള്ളത്. ലെയ്‌സ് എന്ന് കേൾക്കുമ്പോൾ മഞ്ഞയും ചുവപ്പും ചേർന്ന ലോഗോയാണ് മനസ്സിലേക്കെത്തുന്നത്. എന്നാൽ ലെയ്‌സിന്റെ ചിപ്‌സുകൾ ഉരുളക്കിഴങ്ങിൽ നിന്നുണ്ടാക്കുന്നതാണെന്ന് ഉപഭോക്താക്കളിൽ 42% ശതമാനം പേർക്കും അറിയില്ലെന്നാണ് പഠനം പറയുന്നത്. ഇതോടെ പാക്കറ്റുകളിൽ ഉരുളക്കിഴങ്ങിന്റെ ചിത്രം കൂടി ഉൾപ്പെടുത്തി റീബ്രാൻഡ് ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
'യാഥാർഥ്യത്തിൽ വേരൂന്നിയത്' എന്ന് പേരിട്ട് ലെയ്‌സ് നടത്തുന്ന പുതിയ മേക്കോവർ സംസ്‌കരിച്ച ഭക്ഷണപദാർഥത്തിനെതിരെ നടക്കുന്ന ലോകവ്യാപക പ്രതിഷേധം കൂടി കണക്കിലെടുത്താണ് കമ്പനിയുടെ നീക്കം. തങ്ങളുടെ ചിപ്‌സ് നിർമിക്കുന്നത് തദ്ദേശീയമായ ഉരുളക്കിഴങ്ങുകൾ ഉപയോഗിച്ചാണെന്നും തങ്ങൾ തീർത്തും സുരക്ഷിതവുമാണെന്നും കാണിക്കാനുള്ള ശ്രമം കൂടിയാണിത്. 2024ൽ കമ്പനി നേരിട്ടിട്ടുള്ള 5% കോടി ലാഭ ഇടിവിൽ നിന്ന് പുറത്തുകടക്കാൻ പുതിയ മുഖം സഹായിക്കുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്.
ലോഗോ മുതൽ പാക്കറ്റ് വരെയുള്ള അടിമുടിയൊരു മാറ്റമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. തങ്ങളുടെ ചിപ്‌സിൽ ഉപയോഗിച്ച യഥാർഥ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന 30,00,00, കർഷകർക്ക് വേണ്ടിയാണ് ഈ മാറ്റമെന്നും ആ ചിന്തയാണ് മുന്നോട്ട് നയിക്കുന്നതെന്നും പെപ്‌സികോയുടെ സിഎംഒ ജോണി കാഹിൽ പറയുന്നു.
ഗസ്സ വംശഹത്യയിൽ ഇസ്രായേലിന് പിന്തുണ നൽകുന്നു എന്നതിനാൽ ലോകമൊട്ടാകെ ബഹിഷ്‌കരിച്ച വസ്തുക്കളിൽ ഉൾപ്പെട്ടതാണ് ലെയ്‌സും പെപ്‌സികോ കമ്പനിയും.