ഗസ്സയിലെ നാസർ ആ​ശുപത്രി കുഴിമാടത്തിൽ നിന്ന് 51 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ്

Update: 2024-04-24 16:05 GMT
Advertising

ജെറൂസലേം: ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തിൽ നിന്ന് 51 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതിൽ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ​ശ്രമം തുടരുകയാണെന്ന് ഗസ്സയുടെ സർക്കാർ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഇസ്മാഈ അൽ തവാബ്ത പറഞ്ഞു.

ശനിയാഴ്ച മുതൽ ഇതുവരെ 334 മൃതദേഹങ്ങൾ കൂട്ടക്കുഴിമാടത്തിൽ നിന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. തെക്കൻ ഗസ്സയിലെ നഗരത്തിൽ നിന്ന് നാല് മാസത്തെ കരയാക്രമണത്തിന് ശേഷം ഇസ്രായേൽ സൈന്യം പിൻവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടക്കുഴിമാടത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു.

ഇസ്രായേലിന്റെ ആക്രമണം 200 ദിവസം പിന്നിട്ടപ്പോൾ മരണസംഖ്യ 34,262 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 77,229 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്തതിനാൽ നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച തെക്കൻ ലെബനാനിൽ നിന്ന് ഇസ്രായേലിലേക്ക് 15 റോക്കറ്റുകളാണ് ഹിസ്ബുള്ളയുടെ നേതൃത്വത്തിൽ തൊടുത്തുവിട്ടത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News