Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സയിൽ സഹായം തേടിയെത്തിയ 27 പേരുൾപ്പെടെ 51 പേർ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പട്ടിണി ഒഴിവാക്കാൻ ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കണമെന്ന് കൂടുതൽ രാജ്യങ്ങൾ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകും വരെ ചെറുത്തുനിൽപ്പ് ഉപേക്ഷിക്കില്ലെന്ന് ഹമാസ്. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് തെൽ അവീവിൽ വൻ നെതന്യാഹുവിരുദ്ധ റാലി.
ഗസ്സയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ സഹായം തേടിയെത്തിയ 27 പേർ കൂടി കൊല്ലപ്പെട്ടു. യു.എൻ ഏജൻസികളെ ഒഴിവാക്കി ഇസ്രായേലും അമേരിക്കയും നടപ്പിലാക്കിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലാണ് ആസൂത്രിത കുരുതി തുടരുന്നത്. പിന്നിട്ട ദിവസങ്ങളിൽ ഭക്ഷണം തേടി വന്ന 1800 ഓളം പേരാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. ഇത് യുദ്ധകുറ്റം തന്നെയാണെന്ന് യു.എൻ ഏജൻസികൾ കുറ്റപ്പെടുത്തി.
പട്ടിണി കാരണം മരിച്ചവരുടെ എണ്ണം 162 ആയും ഉയർന്നു. വ്യോമാക്രമണവും കരയിലൂടെയുള്ള സഹായ വിതരണത്തിലെ നിയന്ത്രണങ്ങളും കാരണം കടുത്ത പട്ടിണിയിലാണ് പലസ്തീൻ ജനത. യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം ഗസ്സയിലെ സഹായ വിതരണകേന്ദ്രത്തിൽ സന്ദർശനം നടത്തിയെങ്കിലും സ്ഥിതി മെച്ചപ്പെടുത്താനുള്ള നീക്കമൊന്നും ഉണ്ടായില്ല. അതിർത്തികൾ തുറന്ന് വിലക്കുകളില്ലാതെ ഗസ്സയിലേക്ക് സഹായം എത്തിക്കണമെന്ന് ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു. ബന്ദികളെ നിരുപാധികം വിട്ടയക്കാൻ ഹമാസിനോടും ഇരു രാജ്യങ്ങളും നിർദേശിച്ചു. തങ്ങളെ നിരായുധീകരിക്കണമെന്ന ഇസ്രായേലിന്‍റെയും അമേരിക്കയുടെയും ആവശ്യം ബാലിശമാണെന്ന് ഹമാസ് വ്യക്തമാക്കി.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ആയുധങ്ങളും ചെറുത്തുനിൽപ്പും ഉപേക്ഷിക്കില്ലെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. ബന്ദിമോചനം ഉറപ്പാക്കാൻ ഗസ്സയിൽ ഹമാസുമായി ഉടൻ വെടിനിർത്തൽ കരാർ വേണമെന്നാവശ്പ്പെട്ട് തെൽ അവീവിൽ കൂറ്റൻ നെതന്യാഹുവിരുദ്ധ റാലി നടന്നു. അറുപതിനായിരത്തിലേറെ പേർ റാലിയിൽ അണിനിരന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ തങ്ങളും ദുരിതത്തിലാണെന്ന് ചൂണ്ടിക്കാട്ടുന്ന ബന്ദികളുടെ വീഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഇത് നെതന്യാഹുവിനെതിരായ പ്രക്ഷോഭത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്.