ഞാൻ തെളിവ്, ജമാഅത്തെ ഇസ്‌ലാമി അധികാരത്തിൽ വന്നാൽ ബംഗ്ലാദേശി ഹിന്ദുക്കൾ സുരക്ഷിതരായിരിക്കും - കൃഷ്ണ നന്തി

ബംഗ്ലാദേശി വ്യവസായിയും സ്ഥാനാർഥിയുമായ കൃഷ്ണ നന്തി അൽ ജസീറയിൽ എഴുതിയ ലേഖനം

Update: 2026-02-07 16:13 GMT

എന്റെ പേര് കൃഷ്ണ നന്തി. ഞാൻ ഒരു ഹിന്ദുവായ വ്യവസായിയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പാർലമെന്ററി സ്ഥാനാർഥിയുമാണ്. പലർക്കും ഈ കൂടിച്ചേരൽ അസാധാരണമായി തോന്നാം. എന്നാൽ എന്നെ സംബന്ധിച്ച് തെറ്റായ വിവരങ്ങളും, രാഷ്ട്രീയ സൗകര്യങ്ങളും, ഭയവും കാരണം ദീർഘകാലമായി മറച്ചുവെച്ചിരിക്കുന്ന ബംഗ്ലാദേശിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സത്യത്തെ വെളിപ്പെടുത്താനുള്ള ഒരു അവസരമാണിത്. ഒരു ഇസ്‌ലാമിക രാഷ്ട്രീയ പാർട്ടിക്ക് മതന്യൂനപക്ഷങ്ങളെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കാൻ കഴിയില്ലെന്ന കാലങ്ങളായുള്ള ധാരണയെ അട്ടിമറിച്ച് കൊണ്ട് തന്നെ എന്റെ സ്ഥാനാർത്ഥിത്വം ദേശീയ ശ്രദ്ധ ആകർഷിച്ചു. ഒരു നിലക്ക് അത് നല്ല കാര്യമാണ്.

Advertising
Advertising

എന്റെ മണ്ഡലത്തിലെ ജനങ്ങളോട് ഞാൻ ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്. ജമാഅത്തെ ഇസ്‌ലാമി അധികാരത്തിൽ വന്നാൽ, ഒരു ഹിന്ദുവിനും ബംഗ്ലാദേശ് വിടേണ്ടി വരില്ല. ഒരു ഹിന്ദുവിനെയും ഇന്ത്യയിലേക്ക് പോകാൻ നിർബന്ധിക്കില്ല. പകരം, ഹിന്ദുക്കൾ ഈ രാജ്യത്ത് അന്തസോടും സുരക്ഷയോടും ബഹുമാനത്തോടും കൂടി ജീവിക്കും. ഹിന്ദുക്കളോട് ബഹുമാനത്തോടെ പെരുമാറുമെന്ന് പ്രതീകാത്മകമായി പറയുന്നതല്ല. സുരക്ഷയും നീതിയും നിയമപ്രകാരം തുല്യ പൗരത്വവും ഉറപ്പാകുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. ദശാബ്ദങ്ങളായി, ഇസ്‌ലാമിക രാഷ്ട്രീയമെന്നാൽ അവരെ പീഡിപ്പിക്കാനുള്ളതാണെന്ന് ന്യൂനപക്ഷ സമുദായങ്ങളുടെ മനസിൽ ഭയം നട്ടുവളർത്തിയിട്ടുണ്ട്. ഈ ആഖ്യാനം ചിലർക്ക് രാഷ്ട്രീയപരമായി ഉപയോഗപ്രദമായിരുന്നെങ്കിലും ദേശീയ ഐക്യത്തിന് വളരെ ദോഷകരമായിരുന്നു. എന്റെ ഈ നാമനിർദേശം ഈ വാദത്തെ എതിർക്കുന്നതാണ്. രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെട്ട പലരുടെയും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരുന്നതാണ്. 

ഉത്തരവാദിത്തം, ധാർമികത, ശിക്ഷണം എന്നിവ കണ്ട് 2003ലാണ് ഞാൻ ജമാഅത്തെ ഇസ്‌ലാമിയിൽ ചേർന്നത്. ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും പണം കൊണ്ട് വോട്ട് വാങ്ങുന്നില്ല. ഭീഷണി, അക്രമം എന്നിവയെ ആശ്രയിച്ചല്ല അവർ പ്രവർത്തിക്കുന്നത്. ഇവ വെറും വാക്കുകളല്ല. ആന്തരികമായി നടപ്പാക്കുന്ന തത്ത്വങ്ങളാണ്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്കിടയിൽ പലരും ഇപ്പോൾ തങ്ങളുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളെ കുറിച്ച് മാറി ചിന്തിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ ആളുകളുടെ വിശ്വാസം നഷ്ടപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ഭാഷ സംസാരിച്ചിരുന്ന പാർട്ടികൾ പോലും അഴിമതിയും അക്രമവും സാധാരണമാക്കി. നീതി, ഭരണം, ധാർമിക ഉത്തരവാദിത്തം എന്നിവയിൽ ഗൗരവമുള്ള ഒരു ബദലിനായി സാധാരണകാർ ഇന്ന് തിരയുകയാണ്.

ജമാഅത്തെ ഇസ്‌ലാമിയെയാണ് ബദലായി അധികപേരും കണക്കാക്കുന്നത്. എന്റെ മണ്ഡലമായ ഖുല്ന 1ൽ വർഷങ്ങളായി ആളുകൾ രാഷ്ട്രീയ അക്രമം, ഭയം എന്നിവ കാരണം കഷ്ടപ്പെടുകയാണ്. പ്രത്യേകിച്ച് ഹിന്ദുക്കൾ, അവരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും വിവേചനവും സാമ്പത്തികമായ പാർശ്വവൽക്കരണവും നേരിടുന്നു. പലർക്കും അന്യായമായി ജോലി നഷ്ടപ്പെട്ടു. കുടുംബങ്ങൾ നിരന്തരമായ സമ്മർദ്ദത്തിലാണ് ജീവിക്കുന്നത്. ഇത്തരം അനീതികൾ ഇനി അവഗണിക്കപ്പെടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. അന്യായമായി പിരിച്ചുവിടപ്പെട്ടവർക്ക് നിയമപരമായ നടപടികളിലൂടെ നീതി ഉറപ്പാക്കും. ഏതെങ്കിലും സമുദായത്തിനെതിരായ അക്രമങ്ങളോ ഭീഷണികളോ വെച്ചുപൊറുപ്പിക്കില്ല.

ഇടനിലക്കാരെ വെച്ചുള്ള രാഷ്ട്രീയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ഫോൺ നമ്പർ ജനങ്ങളുടെ കൈവശമുണ്ട്, അത് എന്നും അങ്ങനെ തന്നെയായിരിക്കും. ജനപ്രതിനിധി എന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരാളല്ല, മറിച്ച് നേരിട്ടും ഉത്തരവാദിത്തത്തോടെയും എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുന്നവനായിരിക്കണം. എന്നെ ഭീഷണിപ്പെടുത്താൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. സ്ഥാപിത രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള പ്രാദേശിക ശക്തികൾ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു. എന്റെ ബോധ്യങ്ങൾ ദൃഢമാണ്. എന്നെ നിശബ്ദമാക്കാനും മാറ്റിനിർത്താനുമാവില്ല. ഭയം നമ്മുടെ രാഷ്ട്രീയത്തിൽ ദീർഘകാലം ആധിപത്യം പുലർത്തി. അതിന് കീഴടങ്ങിയാൽ ഇവിടെ ഒന്നും മാറാൻ പോവുന്നില്ല. മറ്റൊരു പ്രധാന കാര്യം നമ്മുടെ ചരിത്രമാണ്. വിവിധ സർക്കാരുകൾക്ക് കീഴിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ പലപ്പോഴായി അനുഭവിച്ച ദുരിതങ്ങൾ ഞാൻ നിഷേധിക്കുന്നില്ല. ആ വേദനകൾ വാക്കുകൾ കൊണ്ട് മായ്ച്ചു കളയാനാവില്ല. എന്നാൽ പ്രധാന ചോദ്യം, ഒരു രാഷ്ട്രീയ പ്രസ്ഥാനം അനീതികളെ നിഷേധിക്കുന്നതിന് പകരം അവയെ ധീരമായി നേരിടാൻ തയ്യാറുണ്ടോ എന്നതാണ്.

ജമാഅത്തെ ഇസ്‌ലാമിയിലെ എന്റെ സാന്നിധ്യം ചരിത്രം തിരുത്തിയെഴുതാനല്ല, മറിച്ച് ഭാവി രൂപപ്പെടുത്താനാണ്. ജമാഅത്ത് മുസ്ലീങ്ങൾക്ക് മാത്രമുള്ളതാണോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ഉത്തരം ലളിതമാണ്: ജമാഅത്ത് മൂല്യങ്ങളിൽ ഒരു ഇസ്‌ലാമിക പാർട്ടിയാണ്, എന്നാൽ ഉത്തരവാദിത്തങ്ങളിൽ അതൊരു ദേശീയ പാർട്ടിയാണ്. നീതിയും ഉത്തരവാദിത്തവും മാനുഷിക അന്തസും ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുത്തകയല്ല. 2024 ജൂലൈയിലെ പ്രക്ഷോഭ സമയത്ത്, സ്വാഭാവികമായും ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ആശങ്കയിലായിരുന്നു. എന്നാൽ ആ സമയത്ത് ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള സംഘടനകളിലെ അംഗങ്ങളാണ് ഞങ്ങൾക്ക് സംരക്ഷണം നൽകിയതും ഞങ്ങളുടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കാത്തുസൂക്ഷിച്ചതും.

ബംഗ്ലാദേശ് യാഥാർത്ഥ്യത്തിൽ ബഹുസ്വര സമൂഹമാണ്. ഈ യാഥാർത്ഥ്യത്തെ അവഗണിക്കുന്ന ഏത് രാഷ്ട്രീയ ശക്തിക്കും സുസ്ഥിരമായി ഭരിക്കാൻ കഴിയില്ല. എന്റെ സ്ഥാനാർഥിത്വം ഒരു സീറ്റ് നേടാൻ മാത്രമല്ല. മറിച്ച് ബംഗ്ലാദേശിൽ പുതിയൊരു രാഷ്ട്രീയ സംവാദം തുടങ്ങാൻ വേണ്ടിയുള്ളതാണ്. ഭയത്തിനും വർഗീയ സംശയങ്ങൾക്കും അതീതമായി, സ്വത്വം നമ്മെ ഭിന്നിപ്പിക്കരുത് എന്ന ആശയത്തിലൂന്നിയ സംവാദമാണത്. ഞാൻ ഒരു ഹിന്ദു സ്ഥാനാർഥിയായി നിൽക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയെ അവഗണിച്ചുകൊണ്ടല്ല, മറിച്ച് അതിന്റെ തത്വങ്ങൾക്ക് എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിനാലാണ്. ഈ രാജ്യം നമ്മുടേതാണ്, നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News