വാഷിംഗ്ടൺ/തെഹ്‌റാൻ: ഇറാൻ ഭരണകൂടം സമാധാന കരാറിനായി യാചിക്കുകയാണെന്നും യുദ്ധത്തിൽ അമേരിക്ക വിജയത്തിന്റെ പാതയിലാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. റിപ്പബ്ലിക്കൻ നാഷണൽ കോൺഗ്രഷണൽ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇറാന്റെ നില പരുങ്ങലിലാണെന്ന സൂചന നൽകിയത്. എന്നാൽ ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാൻ, ഇസ്രായേലിലെയും പശ്ചിമേഷ്യയിലെയും അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ ആക്രമണം തുടരുകയാണ്.
എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച താൻ ഇറാനിലും വൻ വിജയം കൈവരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഇറാൻ നേതാക്കൾ സമാധാന കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ ജനങ്ങൾ തങ്ങളെ വധിക്കുമോ എന്ന ഭയത്താലും, അമേരിക്കയോടുള്ള പേടി നിമിത്തവുമാണ് അവർ അത് പുറത്തുപറയാത്തത്. ലോകത്ത് ഒരു ഭരണാധികാരിയും ആഗ്രഹിക്കാത്ത അത്രയും സമ്മർദ്ദത്തിലാണ് ഇറാൻ തലവൻ,' ട്രംപ് അവകാശപ്പെട്ടു. തോൽവി സമ്മതിക്കുക അല്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നേരിടുക എന്ന മുന്നറിയിപ്പാണ് അമേരിക്ക ഇറാനു നൽകിയിരിക്കുന്നത്.
എന്നാൽ ട്രംപിന്റെ വാദങ്ങളെ തള്ളിയ ഇറാൻ യുദ്ധത്തിന്റെ 26-ാം ദിവസം തങ്ങൾ നടത്തിയ സൈനിക നീക്കങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. ഇസ്രായേലിലെ ഹൈഫ, ഡിമോണ എന്നിവയുൾപ്പെടെ 70ലധികം കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. കൂടാതെ, മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് നേരെയും കടുത്ത ആക്രമണമുണ്ടായി.
ജോർദാനിലെ അൽ അസ്രഖ്, ബഹ്‌റൈനിലെ ഷെയ്ഖ് ഈസ, കുവൈത്തിലെ അലി അൽ സലേം, അരിഫ്ജാൻ എന്നീ യുഎസ് ബേസുകൾ ലക്ഷ്യമിട്ടതായും ഇറാൻ അറിയിച്ചു. ചബഹാറിന് മുകളിൽ വെച്ച് അമേരിക്കയുടെ എഫ്-18 (F-18) യുദ്ധവിമാനം വെടിവെച്ചിട്ടതായും യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിന് മിസൈൽ ആക്രമണത്തെത്തുടർന്ന് സ്ഥാനം മാറേണ്ടി വന്നതായും ഇറാൻ അവകാശപ്പെട്ടു. എന്നാൽ വിമാനം തകർന്നു എന്ന ഇറാന്റെ വാദം അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) നിഷേധിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണ വിതരണത്തിൽ തടസമുണ്ടായതോടെ ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുകയാണ്. ഇത് പരിഹരിക്കാൻ അമേരിക്ക തങ്ങളുടെ തന്ത്രപ്രധാനമായ എണ്ണ ശേഖരത്തിൽ നിന്ന് ഇന്ധനം പുറത്തുവിട്ടു. അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കരുതൽ ശേഖരമാണ് ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. രണ്ടായിരം കപ്പലുകളും ഇരുപതിനായിരം ജീവനക്കാരുമാണ് നിലവിൽ ഹോർമൂസിൽ കുടുങ്ങി കിടക്കുന്നത്.
ഇസ്രായേലിന് പുറമെ ലബനനിലും സംഘർഷം രൂക്ഷമാണ്. തെൽ അവീവിലെ ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് കേന്ദ്രത്തിന് നേരെ ലബനീസ് സായുധ സംഘം മിസൈൽ ആക്രമണം നടത്തി. അതിനിടെ, ദക്ഷിണ ലബനനിൽ ഇസ്രായേൽ തങ്ങളുടെ 'ബഫർ സോൺ' വ്യാപിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇറാൻ അനുകൂല സായുധ സംഘങ്ങളെ നിയന്ത്രിക്കാൻ ഇറാഖിനോട് പശ്ചിമേഷ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ആകാശത്തുവെച്ച് തകർത്തു. ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ലോക സാമ്പത്തിക രംഗത്തെ തകർക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.
അതിനിടെ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി 'അപ്രായോഗികം' എന്ന് പറഞ്ഞ് ഇറാൻ തള്ളി. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ പ്രധാനമായും അഞ്ച് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പും യുദ്ധനഷ്ടപരിഹാരവുമാണ് ഇതിൽ പ്രധാനം. തങ്ങളുടെ പ്രതിരോധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും തങ്ങൾക്കെതിരെയുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും തെഹ്‌റാൻ ആവർത്തിച്ചു.