ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു; വ്യാപക ആക്രമണം തുടര്‍ന്ന് ഇറാനും

രണ്ട് ഇസ്രായേലി സൈനികര്‍ക്ക് ഗുരുതര പരിക്ക്. ഏഴ് ഇസ്രായേലി ടാങ്കുകള്‍ തകര്‍ത്തതായി ഹിസ്ബുല്ല

Update: 2026-03-26 10:59 GMT

തെല്‍ അവിവ്: ലബനനില്‍ ഇസ്രായേല്‍ സൈനികന്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇക്കാര്യം ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ലബനനില്‍ കരയാക്രമണം തുടരുന്നതിനിടെയാണ് ഇസ്രായേല്‍ സൈന്യത്തിന് നേരെ ഹിസ്ബുല്ലയുടെ തിരിച്ചടി. അതിനിടെ, ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ വ്യാപകമായി ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍, ക്ലസ്റ്റര്‍ ബോംബ് ആക്രമണം തുടരുകയാണ്.

ഹിസ്ബുല്ലയുടെ നേരിട്ടുള്ള വെടിവെപ്പിലാണ് 21കാരനായ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടത്. രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്. ഏഴ് ഇസ്രായേലി ടാങ്കുകള്‍ തകര്‍ത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

Advertising
Advertising

തെല്‍ അവീവ്, ഗലീലി മേഖലകളില്‍ ഇറാന്റെ ആക്രമണത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. കാഫെര്‍ ഖാസീമില്‍ മിസൈല്‍ പതിച്ച് വ്യാപക നാശമുണ്ടായി. രാജ്യത്തെ ലക്ഷ്യമിട്ട് കൂടുതല്‍ മിസൈലുകള്‍ വരികയാണെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ, ഇസ്രായേലിന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. അമേരിക്കക്കും ഇസ്രായേലിനും നേരെയുള്ള സൈനികനടപടിയുടെ 82ാം ഘട്ടം ഐആര്‍ജിസി ആരംഭിച്ചതായി ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച പുതിയ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കമാന്‍ഡിങ് കേന്ദ്രത്തെയും ചാവുകടലിന്റെ തെക്കന്‍ ഭാഗത്തുള്ള ആണവ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളെയും ലക്ഷ്യമിട്ട് വ്യാപകമായ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടന്നുവെന്ന് ഐആര്‍ജിസി പറഞ്ഞു.

ഇറാന്റെ നാവികസേനാ കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അലിറെസ തങ്സിരിയെ ആക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഐആര്‍ജിസി കമാന്‍ഡറായിരുന്നു അലിറെസ തങ്സിരി. മേഖലയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അലിറെസ തങ്സിരി കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവരുന്നത്. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്സിരിയായിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News