ഭക്ഷണവും മരുന്നുമില്ല, സുഡാനിലെ ഓർഫനേജിൽ മരിച്ചത് അറുപതോളം കുഞ്ഞുങ്ങൾ; വീഡിയോ പങ്കുവെച്ച് ജീവനക്കാർ

മിക്കവരും ഭക്ഷണം ലഭിക്കാതെയും നിർജലീകരണം മൂലവും പനി ബാധിച്ചുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്

Update: 2023-06-02 13:28 GMT
Advertising

ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനികരും അർധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തരയുദ്ധം രണ്ടുമാസമായി തുടരുകയാണ്. അതിനിടെയാണ് തലസ്ഥാന നഗരമായ ഖാർത്തൂമിലെ ഒരു പ്രധാന ഓർഫനേജിൽ അറുപതോളം കുഞ്ഞുങ്ങൾ ഭക്ഷണവും മരുന്നുമില്ലാതെ മരിച്ചതായ വാർത്ത പുറത്തുവരുന്നത്. നവജാത ശിശുക്കൾ അടക്കമുള്ള അറുപതോളം കുഞ്ഞുങ്ങളാണ് രണ്ടുമാസത്തിനിടെ ഒരു ഓർഫനേജിൽ മാത്രം മരിച്ചത്. ഖാർത്തൂമിലെ അൽ മയ്ഖാമ ഓർഫണേജിലാണ് ദാരുണ സംഭവം.

രണ്ടുദിവസത്തിനിടെ 26 കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്. മിക്കവരും ഭക്ഷണം ലഭിക്കാതെയും നിർജലീകരണം മൂലവും പനി ബാധിച്ചുമാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. മരിച്ച കുഞ്ഞുങ്ങളെ വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്നതും ഭക്ഷണം കിട്ടാതെ കരയുന്ന മറ്റു കുഞ്ഞുങ്ങളുടെയും വീഡിയോ ഓർഫനേജിലെ ജീവനക്കാർ തന്നെയാണ് പുറത്തുവിട്ടത്. സ്ഥലത്തെ അവസ്ഥ വളരെ മോശമാണെന്ന് ഓർഫനേജിലെ ജീവനക്കാരൻ പ്രതികരിച്ചു.

''ഓർഫനേജിന്‌റെ പരിസരത്ത് കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. വെടിയൊച്ചകളും പൊടിയും മറ്റു പ്രശ്‌നങ്ങളും കുഞ്ഞുങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങളെ വലിയ മുറികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങളെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും സുരക്ഷിതമായ മറ്റു സ്ഥലത്തേക്ക് മാറ്റണം. കുഞ്ഞുങ്ങളെ നഗരത്തിന് പുറത്ത് സുരക്ഷിതമായി എത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഓർഫനേജിൽ നിന്ന് പുറത്തുകടക്കാൻ  സാധിച്ചിട്ടില്ല''-  ജീവനക്കാരൻ വീഡിയോയില്‍ പറഞ്ഞു.

പുറത്ത് വെടിവെപ്പ് തുടരുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഓർഫനേജിലേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ റെഡിക്രോസിന്റെ ഭാഗത്തുനിന്നും ആരംഭിച്ചതായി എപി റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 13നാണ് തലസ്ഥാനമായ ഖാർത്തൂമിൽ സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോര്‌സും (ആർ.എസ്.എഫ്) തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. രാജ്യത്തിന്റെ അധികാരം തിരിച്ചുപിടിക്കാനായാണ് ഏറ്റുമുട്ടൽ. ഇരു സംഘങ്ങളും തമ്മിൽ നടത്തുന്ന വെടുവെപ്പിലും വ്യോമാക്രമണങ്ങളിലുമായി 860 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ 190 പേർ കുട്ടികളാണെന്നും ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News