ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രായേല്‍ ആക്രമണം; സിറിയയില്‍ 7 പേര്‍ കൊല്ലപ്പെട്ടു

ഇസ്രായേലില്‍ അല്‍ ജസീറ ചാനലിന് വിലക്കേര്‍പ്പെടുത്താനുള്ള കരട് നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി

Update: 2024-04-02 01:15 GMT
Advertising

ദുബൈ: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ തോല്‍വിക്ക് ഇസ്രായേല്‍ നടത്തുന്ന ഇത്തരം പ്രതികരണങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങള്‍ പറഞ്ഞു.

ഇസ്രായേല്‍ പോര്‍വിമാനത്തില്‍ നിന്നയച്ച മിസൈലുകള്‍ പതിച്ചാണ് ദമസ്‌കസ് കോണ്‍സുലേറ്റില്‍ ൭ പേര്‍ കൊല്ലപ്പെട്ടത്. നയതന്ത്ര കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഗസ്സ യദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണ് കോണ്‍സുലേറ്റ് ആക്രമണമെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

ഇസ്രായേലില്‍ അല്‍ ജസീറ ചാനലിന് വിലക്കേര്‍പ്പെടുത്താനുള്ള കരട് നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. സൈന്യം പിന്‍വാങ്ങിയ ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍ അവശേഷിച്ചത് ഹൃദയഭേദകമായ കാഴ്ചകളാണ്. നെതന്യാഹുവിന്റെ രാജിക്കായി ഇസ്രായേലില്‍ പ്രക്ഷോഭം ശക്തമായി കൊണ്ടിരിക്കുകയാണ്.

ദമസ്‌കസ് ആക്രമണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക പ്രതികരിച്ചു. യു.എ.ഇ ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ചാനലിനെ ഇസ്രായേലില്‍ നിന്ന് പുറന്തള്ളുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചു. അല്‍ ജസീറക്ക് ഇസ്രായേലില്‍ പ്രവര്‍ത്തനാനുമതി വലക്കണമെന്നാവശ്യപ്പടുന്ന കരടുബില്‍ പാര്‍ലമെന്റ് പാസാക്കി. ഹമാസിന്റെ ആയുധമായി അല്‍ജസീറ മാറിയെന്നാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തല്‍. സത്യം മറച്ചുവെക്കാനുള്ള ഇത്തരം നീക്കങ്ങള്‍ പ്രതിഷേധാത്മകമാണെന്ന് മനുഷ്യാവകാശ മാധ്യമ സംഘടനകള്‍ കുറ്റപ്പെടുത്തി.

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അല്‍ശിഫയും പരിസരത്തെ കെട്ടിടങ്ങളും തകര്‍ത്തുതരിപ്പണമാക്കിയാണ് ഇസ്രായേല്‍ സേനയുടെ പിന്മാറ്റം. രണ്ടാഴ്ച നീണ്ട സൈനിക ക്രൂരത അവസാനിപ്പിച്ചാണ് സൈനിക പിന്‍മാറ്റം എന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോ ദൃശ്യങ്ങള്‍ ശരിയാണെങ്കില്‍ ഏറെ അസ്വാസ്ഥ്യജനകമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ആശുപത്രിയില്‍ നൂറുകണക്കിന് രോഗികളും മറ്റുമാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 63 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിലെ മരണസംഖ്യ 32,845 ആയി.

അതിനിടെ, ഹമാസിനെതിരായ പോരാട്ടത്തില്‍ ഇതുവരെ 600 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News