കാട്ടിലേക്ക് തള്ളിയത് 12,000 ടൺ ഓറഞ്ച് തൊലികൾ; 15 വർഷത്തിന് ശേഷം സംഭവിച്ചത് കണ്ട് ഞെട്ടി ഗവേഷകര്‍

കന്നുകാലി മേച്ചിൽ, ആവർത്തിച്ചുണ്ടായ കാട്ടുതീ, മണ്ണൊലിപ്പ് എന്നിവ കാരണം വരണ്ടുപോയ ഭൂമിയായിരുന്നു അത്

Update: 2026-09-08 09:33 GMT

1990-കളിൽ കോസ്റ്റാറിക്കയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഗ്വാനാകാസ്റ്റ് കൺസർവേഷൻ ഏരിയക്ക് സമീപത്താണ് 'ഡെൽ ഓറോ' എന്ന ഓറഞ്ച് ജ്യൂസ് നിർമാണ കമ്പനി പ്രവർത്തിച്ചിരുന്നത്. പഴങ്ങൾ സംസ്‌കരിച്ച ശേഷം വൻതോതിൽ ഓറഞ്ച് തൊലികളും പൾപ്പും കമ്പനിയിൽ മാലിന്യമായി അവശേഷിച്ചിരുന്നു.

എന്നാൽ ഇതെവിടെ കൊണ്ടുപോയി തള്ളുമെന്നായിരുന്നു കമ്പനി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡാനിയൽ ജാൻസനും വിന്നി ഹാൾവാക്സും ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഈ മാലിന്യത്തെ കേവലം തള്ളിക്കളയേണ്ട ഒന്നായി കാണുന്നതിന് പകരം, സംരക്ഷിത മേഖലയ്ക്കുള്ളിലെ തരിശായ ഭൂമി ഫലഭൂയിഷ്ഠമാക്കാൻ ഉപയോഗിക്കാമെന്ന് അവർ നിർദേശിച്ചു.

Advertising
Advertising

കന്നുകാലി മേച്ചിൽ, ആവർത്തിച്ചുണ്ടായ കാട്ടുതീ, മണ്ണൊലിപ്പ് എന്നിവ കാരണം വരണ്ടുപോയ ഭൂമിയായിരുന്നു അത്. കരാർ പ്രകാരം, ഡെൽ ഓറോ തങ്ങളുടെ അധീനതയിലുള്ള വനഭൂമി കൺസർവേഷൻ ഏരിയക്ക് സംഭാവന നൽകുകയും പകരം നാശമനുഭവിച്ച ഭൂമിയിൽ ഓറഞ്ച് മാലിന്യങ്ങൾ സ്വാഭാവികമായി അഴുകി ചേരുന്നതിനായി തള്ളുകയും ചെയ്തു. അങ്ങനെ 1998-ൽ ഏകദേശം 12,000 മെട്രിക് ടൺ ഓറഞ്ച് തൊലികളും പൾപ്പുമാണ് ഈ ഭൂമിയിൽ നിക്ഷേപിക്കപ്പെട്ടത്.

വിചിത്രമെന്ന് തോന്നുമെങ്കിലും ഈ ഓറഞ്ച് തൊലികൾ സൃഷ്ടിച്ചത് വലിയൊരു അത്ഭുതം തന്നെയായിരുന്നു.കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങളായിരുന്ന ആ ഭൂമിയിലെ മണ്ണ് അങ്ങേയറ്റം കടുപ്പമേറിയതും പാറക്കെട്ടുകൾ നിറഞ്ഞതും പോഷകഗുണമില്ലാത്തതുമായിരുന്നു. എന്നാൽ അഴുകി ചേരുമ്പോൾ മണ്ണിലേക്ക് തിരികെ നൽകാൻ ആവശ്യമായ ജൈവാംശങ്ങളും പോഷകങ്ങളും ഓറഞ്ച് മാലിന്യങ്ങളിൽ സമൃദ്ധമായിരുന്നു. ഈ പരീക്ഷണം കേവലം ഒരു കാട്ടിലേക്ക് ഭക്ഷണമാലിന്യങ്ങൾ തള്ളുക എന്നതായിരുന്നില്ല. മറിച്ച്, നാശമനുഭവിച്ച ഒരു പ്രത്യേക ഭൂപ്രദേശത്തിന്റെ പുനരുദ്ധാരണത്തിനായി സ്വാഭാവികമായി അഴുകി ചേരുന്ന കാർഷിക മാലിന്യങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു.

കാർഷിക മാലിന്യങ്ങൾ വനവൽക്കരണത്തിനും കാടുകളുടെ വീണ്ടെടുക്കലിനുമായി ഉപയോഗപ്പെടുത്തിയതിന്റെ അപൂർവമായ ഉദാഹരണമായാണ് ഗവേഷകർ പിന്നീട് ഈ പരീക്ഷണത്തെ വിശേഷിപ്പിച്ചത്. ഇങ്ങനെ ഓറഞ്ച് മാലിന്യം തള്ളുന്നിനിടെയാണ് എതിരാളിയായ ജ്യൂസ് കമ്പനി ടിക്കോഫ്രൂട്ട് കോടതിയിൽ ഈ കരാറിനെ ചോദ്യം ചെയ്തു. തർക്കം ഒടുവിൽ കോസ്റ്റാറിക്കയിലെ സുപ്രിംകോടതിയിലെത്തി. പദ്ധതിക്കെതിരെയായിരുന്നു കോടതിവിധി. അപ്പോഴേക്കും, സൈറ്റിലേക്ക് വലിയ അളവിൽ ഓറഞ്ച് മാലിന്യം എത്തിയിരുന്നു. പരീക്ഷണം നിര്‍ത്തിവച്ചു. പ്രദേശം തന്നെ എല്ലാവരും മറന്നപോലെയായി. എന്നാൽ ഇക്കാലയളവിനുള്ളിൽ ആ തരിശുഭൂമിയിൽ അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.

2013ൽ പ്രിൻസ്റ്റൺ ഗവേഷകനായ തിമോത്തി ട്രൂവർ ജാൻസെനുമായി മറന്നുപോയ സ്ഥലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഒടുവിൽ ട്രൂവറും ജോനാഥൻ ചോയിയും ആ പ്രദേശം കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചു. ഞെട്ടിക്കുന്നതായിരുന്നു അവര്‍ അവിടെ കണ്ട കാഴ്ച. മുമ്പ് തരിശായി കാണപ്പെട്ടിരുന്ന മേച്ചിൽപ്പുറങ്ങൾ പച്ച വിരിച്ചു നിൽക്കുന്ന മനോഹര കാഴ്ച. പ്രദേശം മുഴുവൻ മരങ്ങളും വള്ളികളും ഇടതൂർന്ന സസ്യജാലങ്ങളും കൊണ്ട് നടക്കാനാവാത്ത അവസ്ഥ.

ഓറഞ്ച് മാലിന്യങ്ങൾ നിക്ഷേപിച്ച ഭൂമിയെ അത് നൽകാത്ത തൊട്ടടുത്തുള്ള പ്രദേശവുമായി ശാസ്ത്രജ്ഞർ താരതമ്യം ചെയ്തു. 'റെസ്റ്റോറേഷൻ ഇക്കോളജി' (Restoration Ecology) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച അവരുടെ പഠനത്തിൽ, ഓറഞ്ച് മാലിന്യം നിക്ഷേപിച്ച സ്ഥലത്തെ മണ്ണ് കൂടുതൽ ഫലഭൂയിഷ്ഠമായതായും അവിടെ കൂടുതൽ വൃക്ഷവൈവിധ്യവും കാടിന്റെ വൻതോതിലുള്ള വളർച്ചയും ഉണ്ടായതായും കണ്ടെത്തി. തൊട്ടടുത്തുള്ള പ്രദേശത്തെ അപേക്ഷിച്ച് ഇവിടെ മരങ്ങളുടെ വളർച്ചയിൽ 176 ശതമാനത്തിന്റെ വർധനവുണ്ടായി, കൂടാതെ സസ്യവർഗങ്ങളുടെ വൈവിധ്യം ഏകദേശം മൂന്നിരട്ടിയാകുകയും ചെയ്തു.

പരീക്ഷണം വിജയമായെങ്കിലും ഫാക്ടറികൾക്ക് ഭക്ഷ്യ മാലിന്യങ്ങൾ സുരക്ഷിതമായി വനങ്ങളിലേക്ക് തള്ളാൻ കഴിയുമെന്ന് ഇത് അര്‍ഥമാക്കുന്നില്ല. നാശമനുഭവിച്ച ഒരു പ്രത്യേക ഭൂപ്രദേശത്ത്, കൃത്യമായ മുൻകൂട്ടി തയ്യാറാക്കിയ കരാറിലൂടെയും ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലൂടെയും നടത്തിയ ഒന്നായിരുന്നു ഇത്. കൂടാതെ, ഈ പരീക്ഷണം പിന്നീട് വേറെവിടെയും വീണ്ടും ആവർത്തിച്ചു നടത്തിയിട്ടില്ലെന്നും, അതിനാൽ ഇതിന്റെ ഫലങ്ങൾ എല്ലായിടത്തും ഒരുപോലെ പ്രയോഗിക്കാൻ കഴിയില്ലെന്നും ഗവേഷകർ തന്നെ വ്യക്തമാക്കുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News