ഭാര്യയോടോ ഉറ്റസുഹൃത്തിനോടോ കുടുംബാംഗങ്ങളോടോ മിക്കവരും സാധാരണയായി ചോദിക്കാറുള്ള സഹായഭ്യർത്ഥനയായിരിക്കും ഒന്ന് പുറം ചൊറിഞ്ഞുതരാമോയെന്നത്. സ്വന്തം കൈകൾ ചെന്നെത്താത്ത ഇടങ്ങളിലെ അസ്വസ്ഥത മാറ്റിത്തരാൻ ആരെങ്കിലും സഹകരിക്കുന്നതിലും വലിയ സമാധാനമില്ല. എന്നാൽ, പുറം ചൊറിയുകയെന്ന നിസ്സാരമായ പ്രവൃത്തിയെ ലക്ഷങ്ങൾ കൊയ്യുന്ന ബിസിനസാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ ഒരു യുവാവ്. ഷെൻഷെൻ ബാവോവാനിലെ ഷാങ് ഷിയാവോകിയാവോയെന്ന 32കാരനായ സംരഭകനാണ് ശരീരത്തിൽ ചൊറിയാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ചൊറിഞ്ഞുനൽകുകയെന്ന വെറൈറ്റി ബിസിനസിലൂടെ ശ്രദ്ധനേടുന്നത്.
ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി കിടക്കയിൽ കിടന്നുകൊണ്ടുതന്നെ, ട്രെയിനിങ് ലഭിച്ച വിദഗ്ധ പ്രഫഷണലുകളെ ഉപയോഗിച്ചുകൊണ്ടാണ് ഷിയാവോകിയോവിന്‍റെ സംവിധാനം. ഇതിനായി സുമ എന്ന പേരിൽ ഷെൻഷെനിൽ ആദ്യ ഔട്ട്ലെറ്റ് തുറക്കുകയും ചെയ്തു. കഴിഞ്ഞ മെയിലായിരുന്നു സംരഭത്തിന്‍റെ തുടക്കം. തൊട്ടടുത്ത മാസം ഫുടിയാൻ ജില്ലയിൽ അടുത്ത ബ്രാഞ്ച് കൂടി ഷിയാവോകിയോവ് തുറന്നെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുമ എന്ന ബ്രാൻഡ് നാമത്തിൽ തന്നെയാണ് പുതിയ ബ്രാഞ്ചുകളും തുടങ്ങിയിട്ടുള്ളത്.
ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകൾക്ക് ഏകദേശം 300 യുവാൻ ആണ് ഉപഭോക്താക്കളിൽ നിന്ന് ഷിയാവോകിയോവ് ഈടാക്കുന്നത്. ഇന്ത്യൻ രൂപയിൽ 4200 രൂപ വരും ഇത്. മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമാണ് സേവനം ലക്ഷ്യമിടുന്നത്. നിലവിൽ ഈ രണ്ട് സ്റ്റോറുകളിൽ നിന്നുമായി മാസം തോറും ഏകദേശം 100,000 യുവാൻ (ഏകദേശം 14 ലക്ഷം രൂപ) ആണ് ഇദ്ദേഹത്തിന്റെ വരുമാനം. തങ്ങളെ അസ്വസ്ഥരാക്കുന്ന ഭാഗങ്ങളേതെല്ലാമാണെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്ന പക്ഷം പ്രത്യേകമായി രൂപകൽപ്പന ചെയ്ത നഖങ്ങൾ ഉപയോഗിച്ച് ചൊറിഞ്ഞുകൊടുക്കുകയെന്നതാണ് കമ്പനിയുടെ രീതിശാസ്ത്രം.
കമ്പനി തുടങ്ങിവെക്കുന്നതിനേക്കാൾ പ്രയാസം എങ്ങനെ ചൊറിയണമെന്ന് ജീവനക്കാരെ പഠിപ്പിക്കുകയായിരുന്നെന്ന് ഷിയോവോകിയോവ് പറയുന്നു. ബ്രാൻഡ് തുടങ്ങുന്നതിനായുള്ള ആശയങ്ങൾ ലഭിച്ചെങ്കിലും മുൻമാതൃകയില്ലാത്തതിനാൽ പല ഘട്ടങ്ങളിലും മുന്നോട്ടുപോക്ക് തടസ്സപ്പെടുന്ന ഘട്ടമെത്തിയിരുന്നു. എങ്കിലും, മനുഷ്യശരീരത്തെ കുറിച്ചും അനുബന്ധവിഷയങ്ങളിലും സമയമെടുത്ത് നടത്തിയ ഗവേഷണങ്ങളിലൂടെ പ്രതിസന്ധികളെയെല്ലാം മറികടക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈയൊരു കാരണം കൊണ്ടുമാത്രം ആളുകൾ ഒരുപാട് അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ആദ്യഘട്ടത്തിൽ തന്നെ മനസ്സിലായി. അങ്ങനെയാണ് ഇതിന് ഡിമാൻഡ് ഉണ്ടെന്ന് മനസ്സിലാക്കിയത്, അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന് തീരുമാനിച്ചതും.' ഷാങ് ഷിയാവോകിയാവ് പറഞ്ഞു.
ബ്രാൻഡ് തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി പേരാണ് ഔട്ട്ലെറ്റുകൾ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും എല്ലാം ഇതിൽ പെടും. തന്‍റെ ഉപഭോക്താക്കളിൽ 70 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളുമാണെന്നും ഷാങ് വിശദമാക്കുന്നുണ്ട്. ഒട്ടുമിക്ക ഉപഭോക്താക്കളും മികച്ച അനുഭവങ്ങളാണ് തങ്ങൾക്കുണ്ടായതെന്ന് അറിയിച്ചിട്ടാണ് ഔട്ട്ലെറ്റുകൾ വിടാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ഔട്ട്ലെറ്റുകളിൽ നിന്നും പ്രതീക്ഷിത വരുമാനത്തിനേക്കാൾ കൂടുതലാണ് അനുദിനം റിപ്പോർട്ട് ചെയ്യുന്നതെന്നും അടുത്ത ഘട്ടത്തെ കുറിച്ചുള്ള ആലോചനകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിലുടനീളം നൂറിലധികം ഔട്ട്ലെറ്റുകൾ സ്ഥാപിക്കുകയെന്നതാണ് ഷാങിന്‍റെ ലക്ഷ്യം. യുവാവിന്‍റെ പുതിയ സംരഭത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.