മറ്റുള്ളവർ ജഡ്ജ് ചെയ്യുമെന്ന ഭയം? തൊഴിലിടങ്ങളിലെ അവസരങ്ങളിൽ ജെൻസികളെ പിറകോട്ട് വലിക്കുന്നതെന്ത്? ലിങ്ക്ഡ്ഇൻ റിപ്പോർട്ട് പറയുന്നതിങ്ങനെ...

എങ്ങനെയാണ് പ്രൊഫഷണൽ ബന്ധങ്ങൾ നിർമിക്കേണ്ടതെന്നതിലെ വ്യക്തതക്കുറവ് കാരണമാണ് തങ്ങൾക്ക് സുഹൃത്തുക്കൾ കുറവെന്നാണ് 59 ശതമാനം ജെൻസി പ്രൊഫഷണലുകളുടെ പക്ഷം

Update: 2026-09-02 14:04 GMT

ന്യൂഡൽഹി: കരിയറിന്‍റെ വളർച്ചയ്ക്ക് പ്രൊഫഷണൽ ബന്ധങ്ങൾ ഏറെ അത്യാവശ്യമാണെന്ന് നന്നായി ബോധ്യമുണ്ടെങ്കിലും മറ്റുള്ളവർ തങ്ങളെ ജഡ്ജ് ചെയ്തേക്കുമെന്ന ഭയം കാരണം ജെൻസി പ്രൊഫഷണലുകൾ തൊഴിൽസംബന്ധമായ ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി റിപ്പോർട്ട്. വിവിധ സർവേ ഫലങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലിങ്ക്ഡ്നാണ് ഇക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് പുറത്തിറക്കിയത്. കരിയറിന്‍റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായേക്കാവുന്ന വ്യക്തികളുമായി പരിചയം സ്ഥാപിക്കാൻ 83 ശതമാനം ജെൻസി പ്രൊഫഷണലുകളും മടിക്കുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

ഇതിൽ 79 ശതമാനം പേർക്കും ഇത്തരത്തിലുള്ള പ്രൊഫഷണൽ ബന്ധങ്ങളുടെ പ്രാധാന്യവും ഉപകാരവും അറിയാമെങ്കിലും മറ്റുള്ളവർ തങ്ങളെ ജഡ്ജ് ചെയ്തേക്കുമെന്ന ഭയംകാരണം വിട്ടുനിൽക്കുകയാണെന്നാണ് ലിങ്ക്ഡ്ഇൻ റിപ്പോർട്ട്. മുതിർന്നവരും പരിചയസമ്പന്നരുമായ സഹപ്രവർത്തകരോടുള്ള സംസാരവും ബന്ധവും എങ്ങനെ സ്ഥാപിച്ചെടുക്കണമെന്നുള്ള അജ്ഞത 52 ശതമാനം പേരെ അലട്ടുമ്പോൾ, ഈ ബന്ധങ്ങൾ വ്യക്തിജീവിതത്തിൽ ബാധ്യതയായേക്കുമെന്ന ആശങ്കയിലാണ് ബാക്കി വരുന്ന പ്രൊഫഷണലുകൾ.

മറ്റുള്ളവർ തങ്ങളെ വിചാരണ ചെയ്യുമോയെന്ന ഭയമാണ് അധികപേരുടെയും ഉള്ളിൽ കമ്യൂണിക്കേഷൻ ബാരിയറായി നിലകൊള്ളുന്നതെന്നാണ് റിപ്പോർട്ടിലെ കാതലായ വശം. തങ്ങൾ ചോദിക്കുന്നത് മണ്ടത്തരമാണോ, വിഡ്ഢിത്തമാണോയെന്ന ആധി കാരണം, കരിയറിന്‍റെ വളർച്ചയ്ക്കുതകുന്ന സഹായം തേടൽ, ബന്ധം സ്ഥാപിക്കൽ, പുതിയ അവസരങ്ങൾ തേടിപ്പോകൽ എന്നിവയ്ക്ക് പുതുതലമുറയിലെ പ്രൊഫഷണലുകൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. അടുത്തതായി എന്തുചെയ്യണമെന്ന ഉത്കണ്ഠ വരാനിരിക്കുന്ന തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിൽ വില്ലനായേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ലിങ്ക്ഡ്ഇൻ ഡാറ്റ പ്രകാരം, ഇന്ത്യയിൽ ഒരു സ്ഥാപനത്തിനകത്ത് വിവിധ ബന്ധങ്ങൾ ഉണ്ടാക്കിയെടുത്ത ഒരാൾക്ക്, ബന്ധങ്ങളൊന്നുമില്ലാത്ത മറ്റൊരാളെ സംബന്ധിച്ചിടത്തോളം ജോലി ലഭിക്കാൻ സാധ്യതയേറെയാണ്.

അതേസമയം, എങ്ങനെയാണ് പ്രൊഫഷണൽ ബന്ധങ്ങൾ നിർമിക്കേണ്ടതെന്നതിലെ വ്യക്തതക്കുറവ് കാരണമാണ് തങ്ങൾക്ക് സുഹൃത്തുക്കൾ കുറവെന്നാണ് 59 ശതമാനം ജെൻസി പ്രൊഫഷണലുകളുടെ പക്ഷം. എങ്ങനെ ബന്ധം സ്ഥാപിക്കാം, സമീപിക്കേണ്ടതെങ്ങനെ, എപ്പോൾ, എന്ത് സംസാരിക്കാം എന്ന കാര്യങ്ങളിലെ അജ്ഞത അവരെ പിന്നോട്ടടിക്കുന്നെന്നാണ് റിപ്പോർട്ടിലുള്ളത്.

18-80 പ്രായപരിധിയിലുള്ള പാർട്ട് ടൈം-ഫുൾടൈം ജോലിക്കാരായ 18,050 പ്രൊഫഷണലുകളിൽ നടത്തിയ സെൻസസ് പ്രകാരമാണ് ലിങ്ക്ഡ്ഇൻ റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്ത്യ, യുകെ, യുഎസ്, ഫ്രാൻസ്, ജെർമനി, ഇറ്റലി, നെതർലാൻഡ്, സിങ്കപ്പൂർ, ആസ്ട്രേലിയ, ബ്രസീൽ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ജൂലൈ 20 മുതൽ ആഗസ്റ്റ് 11 വരെയാണ് സർവേ നടത്തിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News