ബെർലിൻ: ട്രെയിനുകളിലും പൊതുയിടങ്ങളിലും ഉച്ചത്തിൽ പാട്ടുപാടുകയും ആർത്തുല്ലസിക്കുകയും ചെയ്യുന്ന പലരേയും പലയാത്രകളിലായി നാം കണ്ടിട്ടുണ്ടാകും. ചിലപ്പോഴൊക്കെ ആസ്വദിച്ചിട്ടുമുണ്ടാകും. എന്നാൽ, അൽപം മനസ്സമാധാനത്തോടെ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ശബ്ദകോലാഹലങ്ങൾ തലയിലെടുത്തുവെച്ചുതരുന്ന അസ്വസ്ഥത ചില്ലറയൊന്നുമല്ല. യാത്രകളിലെ തങ്ങളുടെ സ്വകാര്യതയിലേക്ക് ശബ്ദമലിനീകരണവുമായി എത്തിനോക്കുന്ന ഇത്തരം സന്ദർഭങ്ങളെ ചിലരെങ്കിലും തുറന്നെതിർക്കാറുമുണ്ട്.
ഇപ്പോഴിതാ, ഗുജറാത്തിൽ നിന്നുള്ള യാത്രാസംഘം ജർമൻ ബസിൽ വെച്ച് ഉച്ചത്തിൽ പാട്ടുപാടുകയും അട്ടഹസിക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൂടെയുള്ള യാത്രക്കാരിൽ ചിലർ അസ്വസ്ഥരാകുകയും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടും ഇന്ത്യൻ യാത്രാസംഘം ഉച്ചത്തിൽ പാട്ടുപാടുന്നതിന്‍റെയും കൈകൊട്ടി രസിക്കുന്നതിന്‍റെ വീഡിയോക്ക് താഴെ രൂക്ഷവിമർശനമാണ് കുമിഞ്ഞുകൂടുന്നത്.
ബസ് എവിടേക്കാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നോ എന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നോ വ്യക്തമല്ല. അതേസമയം, സഞ്ചാരികൾ എങ്ങനെയാണ് പൊതുസ്ഥലങ്ങളിൽ പെരുമാറേണ്ടതെന്നും പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലെത്തുമ്പോൾ പാലിക്കേണ്ട മര്യാദകളെ കുറിച്ചുമുള്ള നിരവധി ചോദ്യങ്ങളും പറച്ചിലുകളുമാണ് കമന്‍റ് ബോക്സ് നിറയെ.
ഗുജറാത്തി സംഗീതത്തോടും സംസ്കാരത്തോടുമുള്ള എതിർപ്പായിരുന്നില്ല യാത്രക്കാർ പ്രകടിപ്പിച്ചതെന്നും മറിച്ച്, ഇറങ്ങിപ്പോകാൻ പോലുമാകാത്ത ബസ് പോലുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ വെച്ചുള്ള ശബ്ദമലിനീകരണമാണെന്ന് യാത്രക്കാരെ അസ്വസ്ഥരാക്കിയതെന്നും ഒരാൾ കമന്‍റ് ചെയ്തു. പരസ്പരം സഹകരിക്കുകയോ പങ്കുവെക്കുകയോ ചെയ്തുകൊണ്ട് മാത്രം സമയം ചിലവഴിക്കേണ്ടുന്ന സംവിധാനങ്ങളാണ് പൊതുഗതാഗതമെന്നും ചിലർ വീഡിയോക്ക് താഴെ അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം ഫോൺ ഉപയോഗിക്കുകയോ പാട്ട് കേൾക്കുകയോ ചെയ്യുന്നതിന് പകരം മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തിൽ ഉച്ചത്തിൽ ശബ്ദംവെക്കുന്നത് മാതൃകാപരമല്ലെന്നും ചില യൂസർമാർ വിമർശിക്കുന്നുണ്ട്.
പാട്ട് പാടുന്നവരല്ലാത്ത ഒട്ടുമിക്ക യാത്രക്കാരും അസ്വസ്ഥരായിരിക്കുന്നത് വീഡിയോയിൽ കാണാം. ഇന്ത്യൻ ടൂറിസ്റ്റുകളെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമുള്ള ചൂടേറിയ സോഷ്യൽ മീഡിയ ചർച്ചയ്ക്ക് വഴിതുറന്നിട്ടിരിക്കുകയാണ് വീഡിയോ. വീഡിയോക്ക് താഴെ രൂക്ഷമായ പ്രതികരണങ്ങളുമായി നിരവധി പേരാണ് ഇതിനോടകം ഒത്തുകൂടിയിരിക്കുന്നത്. 'ഇത് വളരെ നിസാരമല്ലേയെന്ന് കരുതുന്നവരുണ്ടാകാം. ജർമനിയിൽ പൊതുഗതാഗത സംവിധാനങ്ങളിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും ശബ്ദമുണ്ടാക്കുന്നതും അനുവദനീയമല്ലെന്ന് അറിയാത്തവരായിരിക്കും അത്.' ഒരാൾ കുറിച്ചു. 'സിവിക് സെൻസ് ചത്തു, അല്ല, കൊന്നു' മറ്റൊരാളുടെ പരിഹാസം ഇങ്ങനെ.
ഇതാദ്യമായല്ല വിദേശരാജ്യങ്ങളിലെ പബ്ലിക് ഡാൻസിന്‍റെയും ഉച്ചത്തിലുള്ള അട്ടഹാസങ്ങളുടെയും പേരിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ അപഹാസ്യരാകുന്നത്. നേരത്തെ, ഇക്കഴിഞ്ഞ മേയ് മാസത്തിൽ വിയറ്റ്നാം എയർപോർട്ടിലും സമാനമായ രീതിയിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ വലിയ ഉച്ചത്തിൽ പാട്ട് പാടി വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതിനെതിരെയും സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരുന്നത്.