സ്ഥിരവരുമാനം ഉണ്ടായിരിക്കെ തന്നെ ഒട്ടുമിക്കയാളുകളും നേരിടുന്ന വലിയ വെല്ലുവിളിയാണ് സാലറിയുടെ നിശ്ചിത ശതമാനം സമ്പാദ്യമായി കരുതിവെക്കുകയെന്നത്. സാമ്പത്തിക വിദഗ്ധരുടെയും മുതിർന്ന സഹപ്രവർത്തകരുടെയും ഉപദേശങ്ങൾ കേട്ട് പുതിയ ശീലം തുടങ്ങാൻ മനസുവെക്കുമ്പോഴും, തുടക്കത്തിലെ ആവേശം പലർക്കും നിലനിർത്താൻ സാധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ഇപ്പോഴിതാ, കോർപറേറ്റ് ജോലിയുടെ തലവേദനയും ജോലിഭാരവും കാരണം പ്രയാസപ്പെട്ട് ജോലി രാജിവെച്ച യുവതിയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ താരം.
വർഷങ്ങളായുള്ള തന്‍റെ കോർപറേറ്റ് ജീവിതാനുഭവങ്ങളിൽ നിന്ന് ചീന്തിയെടുത്ത കാര്യങ്ങൾ റിയ എന്ന മുപ്പത്തിമൂന്നുകാരിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കോർപറേറ്റ് ജീവിതം വരിഞ്ഞുമുറുക്കിയതിനെ തുടർന്ന് രാജിവെച്ചെങ്കിലും, ജോലി ചെയ്തിരുന്ന കാലമത്രയും തുടർന്നുപോന്ന സമ്പാദ്യശീലം തന്‍റെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്ന് അവർ വീഡിയോകളിൽ വ്യക്തമാക്കുന്നു. രാജി വെക്കുമ്പോൾ 7.2 ലക്ഷം രൂപ തന്‍റെ കയ്യിലുണ്ടായിരുന്നെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്.
കോർപറേറ്റ് ജീവിതശൈലി താങ്ങാനാവാതെ ബേൺഔട്ട് വന്ന് 30-ാമത്തെ വയസ്സിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്ന് റിയ പറയുന്നു. ചില ദിവസങ്ങളിലെല്ലാം 10-15 മണിക്കൂർ വരെയ്ക്കും ജോലി ചെയ്യേണ്ടിവരാറുള്ള ഓഫീസ് ജോലി തന്‍റെ ആരോഗ്യം കാർന്നുതിന്നുകൊണ്ടിരിക്കുകയാണെന്ന് അന്നാണ് മനസ്സിലാക്കുന്നതെന്നും അവർ ഓർത്തെടുത്തു. ജോലിയിൽ നിന്ന് രാജിവെക്കാനുള്ള സമയമാണെന്ന് പതിയെ അവർ തിരിച്ചറിയുകയായിരുന്നു. സാമ്പത്തികസുരക്ഷയ്ക്കായി നാളിതുവരെയും സമ്പാദിച്ചുവെച്ച പണം ഉപയോഗിച്ച് പുതിയൊരു വരുമാനം കണ്ടെത്താനും അന്നവർ തീരുമാനിച്ചു.
രാജിവെച്ച് രണ്ട് വർഷത്തിനകം നാല് സ്ട്രീമിങ്ങുകളിലൂടെ അധികവരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്നും ഇന്ന് താനൊരു ബോസ് ആയിമാറിയെന്നും റിയ പറഞ്ഞു. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വെളിപ്പെടുത്തൽ. 33 വർഷത്തെ ജീവിതത്തിനിടയിൽ താനെങ്ങനെയാണ് 7.2 ലക്ഷം സമ്പാദ്യം ഉണ്ടാക്കിയതെന്നും അവർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
പുറത്ത് നിന്ന് ഭക്ഷണമില്ല
പ്രതിമാസം 40,000 രൂപ വെച്ച് 18 മാസം നിശ്ചിത തുക സമ്പാദ്യവകുപ്പിലേക്ക് കരുതി വെക്കലായിരുന്നു ലക്ഷ്യം. ഇതിനായി മുൻകാലങ്ങളിൽ ശീലിച്ചുപോന്ന പല കാര്യങ്ങളിലും അവർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.
പുറത്ത് നിന്നുള്ള കടകളിലെ ഭക്ഷണങ്ങളോട് നോ പറയലായിരുന്നു സുപ്രധാന മാറ്റം. റസ്റ്ററന്‍റുകൾ ഒഴിവാക്കിയും അനാവശ്യമായ കാപ്പി കുടിയും ഫുഡ് ഡെലിവറിയും ഉപേക്ഷിച്ചതിലൂടെ പ്രതിമാസം 20,000 രൂപ സൂക്ഷിക്കാനായെന്ന് റിയ പറയുന്നു. ഇതിനെല്ലാം പകരമായി, വീട്ടിൽ വെച്ച് ഭക്ഷണം പാകം ചെയ്യുകയും ചുരുങ്ങിയ ചിലവിൽ ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
സബ്സ്ക്രിപ്ഷനുകൾക്കും ഷോപ്പിങ്ങുകൾക്കും 'ബൈ ബൈ'
നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ അടക്കമുള്ള പ്രീമിയം ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ ഒഴിവാക്കുകയാണ് രണ്ടാമതായി റിയ ചെയ്തത്. ഇതിലൂടെ മാസം 5000 രൂപയാണ് അവർക്ക് സൂക്ഷിക്കാനായത്. 18 മാസത്തേക്ക് അനാവശ്യമായി പുതിയ വസ്ത്രങ്ങൾ വാങ്ങിക്കാതിരിക്കുകയും ചെയ്തതോടെ 10,000 രൂപയും ഭദ്രം.
വാരാന്ത്യങ്ങളിലെ ട്രിപ്പുകളും മതിയാക്കി
വാരാന്ത്യങ്ങളിലെ ഉല്ലാസയാത്രകൾ ഒഴിവാക്കുകയെന്നതായിരുന്നു തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കടുപ്പമെന്ന് റിയ പറയുന്നു. പുതിയ സ്ഥലങ്ങൾ കാണുകയും സന്ദർശിക്കുകയും ചെയ്യുന്നത് തനിക്ക് ഏറെ ഇഷ്ടമാണെങ്കിലും തന്‍റെ ലക്ഷ്യത്തിലെത്താൻ ഈ വിനോദവും ത്യജിക്കുകയായിരുന്നെന്ന് വീഡിയോയിൽ കാണാം. ഇതുവഴി 2,000 രൂപയാണ് അവരുടെ പോക്കറ്റിൽ തന്നെ കിടന്നത്. ആഡംബര കല്യാണങ്ങൾ അടക്കമുള്ള പരിപാടികളോട് വിട പറയുക കൂടി ചെയ്തതോടെ വീണ്ടുമൊരു 3000 കൂടി തനിക്ക് സൂക്ഷിച്ചുവെക്കാനായെന്നും റിയ കൂട്ടിച്ചേർത്തു.
റിയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിവിധ അഭിപ്രായപ്രകടനങ്ങളുമായി കമന്‍റ്ബോക്സിൽ തടിച്ചുകൂടിയിരിക്കുന്നത്. അച്ചടക്കവും ചില്ലറ ത്യാഗങ്ങളുമുണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടിയെടുക്കാമെന്നും കോർപറേറ്റ് ജോലിക്കാർ അനിവാര്യമായും സ്വീകരിക്കേണ്ടുന്ന ശീലങ്ങളാണിതെന്നുമാണ് നിരവധി പേരുടെ അഭിപ്രായം. ആദ്യമൊക്കെ വേദനാജനകമായി തോന്നുമെങ്കിലും പിന്നീട് ഇത് ശീലമാകുമെന്ന് മറ്റൊരാൾ.
അതേസമയം, ജീവിതത്തിലെ നല്ല സമയങ്ങളെ ആസ്വദിക്കാതെയും അനുഭവിക്കാതെയും മുന്നോട്ടുകൊണ്ടുപോവുകയെന്നത് അത്ര നല്ല ബുദ്ധിയല്ലെന്ന് ഉപദേശിക്കുന്നവരും ചില്ലറയല്ല. പോസ്റ്റ് ഇതിനോടകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.