പാപ്പരായ ശ്രീലങ്കയിൽ കാറ്റാടി വൈദ്യുതി പദ്ധതി തുടങ്ങാൻ അദാനി ഗ്രൂപ്പ്; നാമനിർ‌ദേശം ചെയ്തത് കേന്ദ്രസർക്കാർ

മേഖലയിൽ ചൈനയുടെ സ്വാധീനം കൂടുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന ആശങ്ക പരിഹരിക്കാനുള്ള ശ്രമമായാണ് അദാനി പദ്ധതിക്കുള്ള അം​ഗീകാരം.

Update: 2023-02-23 13:00 GMT
Advertising

കൊളംബോ: ഓഹരി തട്ടിപ്പുകൾ സംബന്ധിച്ച ഹിൻഡൻബെർ​ഗ് റിപ്പോർട്ടുകൾക്ക് പിന്നാലെ ഭീമൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ അദാനി ഗ്രൂപ്പിന്റെ 442 മില്യൺ ഡോളറിന്റെ കാറ്റാടി വൈദ്യുതി പദ്ധതിക്ക് അംഗീകാരം നൽകി ശ്രീലങ്ക. പാപ്പരത്തം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് ശ്രീലങ്ക വൻ വിദേശ നിക്ഷേപം പ്രഖ്യാപിച്ചത്.

ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായ അദാനി ഗ്രീൻ എനർജി ദ്വീപിന്റെ വടക്ക് ഭാഗത്ത് രണ്ട് കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കുമെന്ന് ശ്രീലങ്കൻ ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് അറിയിച്ചു.

രണ്ട് പ്ലാന്റുകളും 2025ഓടെ ദേശീയ ഗ്രിഡിലേക്ക് വൈദ്യുതി വിതരണം ചെയ്യുമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. 2021ൽ കൊളംബോയിലെ 700 മില്യൺ ഡോളറിന്റെ സ്ട്രാറ്റജിക് പോർട്ട് ടെർമിനൽ പ്രൊജക്ട് ശ്രീലങ്ക അദാനി ഗ്രൂപ്പിന് നൽകിയതിന് പിന്നാലെയാണ് കാറ്റാടി വൈദ്യുതി പദ്ധതി.

മേഖലയിൽ ചൈനയുടെ സ്വാധീനം കൂടുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന ആശങ്ക പരിഹരിക്കാനുള്ള ശ്രമമായാണ് അദാനി പദ്ധതിക്കുള്ള അം​ഗീകാരം. കേന്ദ്ര സർക്കാരാണ് കരാറുകാരനായി അദാനി ഗ്രൂപ്പിനെ നാമനിർദേശം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ദുബൈയ്ക്കും സിംഗപ്പൂരിനും ഇടയിലുള്ള ഒരേയൊരു ആഴക്കടൽ കണ്ടെയ്‌നർ തുറമുഖമായ കൊളംബോ ഹാർബറിൽ ചൈന നടത്തുന്ന ടെർമിനലിനോട് ചേർന്ന് 1.4 കിലോമീറ്റർ 20 മീറ്റർ ആഴത്തിലുള്ള ജെട്ടിയാണ് കമ്പനി നിർമിക്കുന്നത്.

പദ്ധതിക്ക് അന്തിമരൂപം നൽകുന്നതുമായി ബന്ധപ്പെട്ട് അദാനി ​ഗ്രൂപ്പ് ഉദ്യോ​ഗസ്ഥരുമായി കൊളംബോയിൽ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയതായി ശ്രീലങ്കൻ ഊർജമന്ത്രി കാഞ്ചന വിജെശേകെര പറഞ്ഞു. 2024 ഡിസംബറോടെ വൈദ്യുത നിലയങ്ങൾ കമ്മീഷൻ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019ൽ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്കിലെ ദ്വീപുകളിൽ 12 മില്യൺ ഡോളർ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ധനസഹായത്തോടെ മൂന്ന് കാറ്റാടിപ്പാടങ്ങൾ നിർമിക്കാൻ ഒരു ചൈനീസ് സ്ഥാപനത്തിന് അനുമതി നൽകിയിരുന്നുവെങ്കിലും ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് അത് റദ്ദാക്കിയിരുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി തട്ടിപ്പുൾപ്പെടെ വെളിപ്പെടുത്തിയുള്ള ഹിൻഡെൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അദാനിയുടെ ഓഹരികൾ കുത്തനെ ഇടിയുകയും ആസ്തിയിൽ വൻ ഇടിവുണ്ടാകുയും ആ​ഗോള സമ്പന്ന പട്ടികയിൽ നിന്ന് മൂക്കുകുത്തി വീഴുകയും ചെയ്തിരുന്നു. ബ്ലൂംബർ​ഗിന്റെ ലോക കോടീശ്വര പട്ടികയിൽ മൂന്നിൽ നിന്ന് 29ാം സ്ഥാനത്തേക്കാണ് അദാനി വീണത്.

ഫോർബ്സ് പട്ടികയിൽ ഇത് രണ്ടിൽ നിന്ന് 25ാം സ്ഥാനത്തേക്കും കൂപ്പുകുത്തിയിരുന്നു. തിങ്കളാഴ്ച ഗൗതം അദാനിയുടെ ആസ്തി ആദ്യമായി 50 ബില്യൺ ഡോളറിൽ താഴെയായി. നിലവിൽ 42.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. കഴിഞ്ഞ മാസം, 120 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ലോക സമ്പന്ന പട്ടികയിൽ മൂന്നാമതായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News