അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം രൂക്ഷം; സർക്കാർ താലിബാന് വഴങ്ങുന്നതായി റിപ്പോർട്ട്
അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് ഇന്ത്യ.
ആഭ്യന്തര യുദ്ധം രൂക്ഷമായ അഫ്ഗാനിസ്ഥാനിൽ സർക്കാർ താലിബാന് വഴങ്ങുന്നതായി റിപ്പോർട്ട്. വെടിനിർത്തലിന് പകരമായി താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഷ്റഫ് ഗനി സർക്കാർ അറിയിച്ചതായി അൽജസിറ റിപ്പോർട്ട് ചെയ്തു. കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള എല്ലാ നീക്കങ്ങളെയും പിന്തുണക്കുന്നതായി ഇന്ത്യ അറിയിച്ചു.
അഫ്ഗാനിൽ സർക്കാർ സൈന്യത്തിനെതിരെ താലിബാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഭരണകൂടം വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നത്. വെടിനിർത്തലിന് താലിബാൻ തയ്യാറാകുന്ന പക്ഷം അവരുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചതായി അൽ ജസിറ റിപ്പോർട്ട് ചെയ്തു. സമാധാന ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്ന ഖത്തർ വഴിയാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് വിവരം.
എന്നാൽ ഇതിനോടുള്ള താലിബാന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. പ്രശ്നം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ദോഹയിൽ വെച്ച് റഷ്യയുടെ നേതൃത്വത്തിൽ രാജ്യാന്തര സമിതി യോഗം ചേർന്നെങ്കിലും പരിഹാര ഫോർമുലകൾ ഉരുത്തിരിഞ്ഞതായി വിവരമില്ല.
അതിനിടെ അഫ്ഗാനിലെ പത്താമത്തെ പ്രവിശ്യകൂടി താലിബാൻ തിരിച്ചു പിടിച്ചു. തന്ത്രപ്രധാന നഗരമായ ഗസ്‌നിയാണ് താലിബാൻ അധീനതയിലാക്കിയത്. 90 ദിവസത്തിനകം താലിബാൻ രാജ്യം മുഴുവൻ പിടിച്ചടക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് ഇന്റലിജിൻസ് സൂചന നൽകിയിരുന്നു.
അതിനിടെ അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കുന്നതിനയുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് ഇന്ത്യ അറിയിച്ചു. അടിയന്തിര വെടി നിർത്തലാണ് ഇപ്പോൾ ആവശ്യം. വിവിധ തലങ്ങളിലായുള്ള പരിഹാര ചർച്ചകളിൽ ഇന്ത്യയും സജീവ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.