'ഇന്ത്യയെ അടുത്ത സുഹൃത്തായാണ് അഫ്ഗാൻ കാണുന്നത്'; എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി താലിബാൻ വിദേശകാര്യ മന്ത്രി

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

Update: 2025-10-10 10:29 GMT

Photo| Special Arrangement

ന്യൂഡൽഹി: ഇന്ത്യയെ അടുത്ത സുഹൃത്തായാണ് അഫ്​ഗാനിസ്താൻ കാണുന്നതെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുത്തഖി നിലപാട് വ്യക്തമാക്കിയത്. 2021ൽ അധികാരമേറ്റ ശേഷം ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിലുള്ള ആദ്യ നയതന്ത്ര കൂടിക്കാഴ്ചയാണിത്.

'അഫ്​ഗാനിൽ അടുത്തിടെ ഭൂകമ്പമുണ്ടായപ്പോൾ ആദ്യമായി പ്രതികരിച്ചത് ഇന്ത്യയാണ്. ഇന്ത്യയെ അഫ്​ഗാൻ ഏറ്റവും അടുത്ത സുഹൃത്തായാണ് കാണുന്നത്. പരസ്പര ബഹുമാനം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ അധിഷ്ഠിതമായ ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ ബന്ധം ശക്തിപ്പെടുത്താൻ ഒരു കൂടിയാലോചനാ സംവിധാനം സൃഷ്ടിക്കാൻ ഞങ്ങൾ തയാറാണ്'- മുത്തഖി യോഗത്തിൽ പറഞ്ഞു.

Advertising
Advertising

'ഡൽഹിയിലെത്തിയതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ വർധിപ്പിക്കും. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ഇടപെടലുകളും കൈമാറ്റങ്ങളും വർധിപ്പിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ഡൽഹിയിലെത്താനായിരുന്നു മുത്തഖിയുടെ ഉദ്ദേശിച്ചിരുന്നതെങ്കിലും ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയുടെ യാത്രാവിലക്കിനെ തുടർന്ന് സാധിച്ചില്ല. തുടർന്ന് സമിതി താത്കാലിക യാത്രാ ഇളവ് നൽകിയതോടെയാണ് താലിബാൻ നേതാവ് ന്യൂഡൽഹിയിൽ എത്തിയത്.

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കൂടിക്കാഴ്ചയിൽ എസ്. ജയശങ്കർ പറഞ്ഞു. ഇന്ത്യയുമായുള്ള സഹകരണം അഫ്​ഗാന്റെ ദേശീയ വികസനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും ​ഗുണേകുന്നതാണ്. അഫ്ഗാനിസ്താന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയിൽ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വിശദമാക്കി.

നാല് വർഷമായി അടച്ചിട്ടിരിക്കുകയാണ് കാബൂളിലെ ഇന്ത്യൻ എംബസി. ഇത് വീണ്ടും തുറക്കുന്നത് താലിബാൻ ഭരണകൂടവുമായുള്ള നയതന്ത്ര ബന്ധം വർധിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണ്. 2021ൽ യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേനയെ പിൻവലിച്ചതിനെത്തുടർന്ന് അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെയാണ് ഇന്ത്യ കാബൂളിലെ എംബസി അടച്ചുപൂട്ടിയത്. ചൈന, റഷ്യ, ഇറാൻ, പാകിസ്താൻ, തുർക്കി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്ക് കാബൂളിൽ എംബസിയുണ്ട്.

ആറ് ദിവസത്തെ സന്ദർശനത്തിനായാണ് മുത്തഖി ഇന്ത്യയിലെത്തിയത്. വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുത്തഖിയും സംഘവും താജ്മഹലും ലഖ്‌നൗവിലെ ദാറുൽ ഉലൂം ദയൂബന്ദ് അറബിക് കോളജും സന്ദർശിക്കും. മെയ് 15ന് വിദേശകാര്യമന്ത്രി ജയ്‌ശങ്കർ മുത്തഖിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News