ബന്ദിമോചനം: പാരീസ് ചര്‍ച്ചക്ക് പിന്നാലെ ഖത്തറിലും ചര്‍ച്ചക്കൊരുങ്ങി ഇസ്രായേല്‍

തടങ്കലിലടച്ച പതിനായിരത്തിലേറെ ഫലസ്തീനികളില്‍ നിന്ന് 100 പേരെ വിട്ടയക്കുമെന്ന് ഇസ്രായേൽ

Update: 2024-02-25 15:35 GMT

ദോഹ: പാരീസ് ചര്‍ച്ചക്ക് പിന്നാലെ ഖത്തറിലും ചര്‍ച്ച നടത്താനൊരുങ്ങി ഇസ്രായേല്‍. ഹമാസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. കൈറോയിലെ സന്ധിസംഭാഷണത്തിലാണ് ഇസ്രായേല്‍ നിലപാട് വ്യക്തമാക്കിയിരുന്നത്. ബന്ദിമോചനം ആവശ്യപ്പെട്ട് ടെല്‍ അവീവില്‍ പ്രതിഷേധം അതിരുവിട്ടതും ആഭ്യന്തര സമ്മര്‍ദവുമാണ് ഇസ്രായേലിനെ ചര്‍ച്ചക്ക് നിര്‍ബന്ധിതരാക്കിയത്.

ബന്ദിമോചനവും താല്‍ക്കാലിക വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തര സുരക്ഷ സേനയായ ഷിന്‍ ബെറ്റിന്റേയും മേധാവികളാണ് ഖത്തറില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുക. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ മധ്യസ്ഥരായുണ്ടാവും. ഇസ്രായേല്‍ യുദ്ധ മന്ത്രിസഭയാണ് പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.

Advertising
Advertising

പാരീസില്‍ ആരംഭിച്ച ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഖത്തറില്‍ ഉണ്ടാവുകയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തടങ്കലിലടച്ച പതിനായിരത്തിലേറെ ഫലസ്തീനികളില്‍ നിന്ന് 100 പേരെ ഇസ്രയേല്‍ വിട്ടയക്കും. സ്ത്രീകള്‍, വനിതാ സൈനികര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള മുതിര്‍ന്ന പുരുഷന്മാരടക്കം നാല്‍പ്പതോളം ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.

ഗസ്സയിലേക്കുള്ള സഹായ വിതരണം വര്‍ധിപ്പിക്കാനും വടക്കന്‍ ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടങ്ങി വരവിനും കരാര്‍ വഴിയൊരുക്കും.

എന്നാല്‍ ഈ നിര്‍ദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധം പൂര്‍ണ്ണമായും അവസാനിച്ചാല്‍ മാത്രമേ ബന്ദികളെ വിട്ടയക്കുകയുള്ളൂവെന്ന് കൈയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസ് വ്യക്തമാക്കിയിരുന്നു. മുഴുവന്‍ ഫലസ്തീനി തടവുകാരെയും വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ 30,000 കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. നിരവധി പേരെ കാണാതായിട്ടുമുണ്ട്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News