യമനിൽ രണ്ടാംദിനവും ആക്രമണം തുടർന്ന് അമേരിക്ക

ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് ഹൂതികൾ

Update: 2024-01-13 12:15 GMT
Advertising

തുടർച്ചയായ രണ്ടാംദിനവും യമനിൽ ആക്രമണം നടത്തി അമേരിക്ക. സൻആയിലെ നിരീക്ഷണ റഡാറുകൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് സേന അറിയിച്ചു. സൻആയിലെ വ്യോമതാവളത്തിനുനേരെയും തീരദേശ നഗരമായ ഹൊദൈദയിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.

സൻആയിൽ അമേരിക്ക ഇന്ന് നടത്തിയ ആക്രമണത്തിൽ ആളപായമോ നാശനാഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫർമേഷൻ സെക്രട്ടറി നസ്രെദ്ദീൻ അമീർ പറഞ്ഞു. ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം തുടരുമെന്നും ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം അറിയിച്ചു,.

ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് അമേരിക്കയുടെയും ബ്രിട്ടന്‍റെയും നേതൃത്വത്തിൽ സംയുക്ത ആക്രമണം നടത്തുന്നത്. ഹൂതികളുടെ കമാൻഡ് സെന്‍ററുകൾ, ആയുധ ഡിപ്പോകൾ, വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയ 16 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ അഞ്ച് ഹൂതി വിമതർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

യു.എസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലിൽനിന്ന് വിട്ടുനിൽക്കാൻ പെന്റഗൺ ആവശ്യപ്പെട്ടിട്ടുണ്ട്. യമനിലെ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില രണ്ട് ശതമാനം ഉയർന്നു. യുദ്ധം എണ്ണവിലയെ ബാധിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക അറിയിച്ചു.

അതേ സമയം ഗസ്സയിൽ ഇസ്രായേൽ കടുത്ത ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയിലെ ദറാജിലുണ്ടായ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു.

തെക്കൻ ഗസ്സയിലെ റഫയിലെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അൽ അഖ്സ ആശുപത്രി പരിസരത്തും ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയാണ്. ആശുപത്രിയിലെ ഇന്ധനം ഇന്ധനം തീർന്നതിനാൽ ഇൻക്യുബേറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ജീവനടക്കം അപകടത്തിലാണ്. വെസ്റ്റ് ബാങ്കിൽ മൂന്ന് കൗമാരക്കാരെ ഇസ്രായേലി കൈയേറ്റക്കാർ വെടിവെച്ചുകൊന്നു.

ബൈഡൻ ഭരണകൂടം ഗസ്സയിലെ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയിൽ പ്രതിഷേധിച്ച് 22 ഏജൻസികളുടെ ഫെഡറൽ ജീവനക്കാർ ഈ ചൊവ്വാഴ്ച ജോലിയിൽനിന്ന് പിരിയാൻ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News