'ഇറാൻ്റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തെന്ന് അന്ന് പറഞ്ഞതോ?' ട്രംപിനോട് ബേണി സാന്‍ഡേഴ്‌സ്

വിയറ്റ്‌നാമിലെയും ഇറാഖിലെയും പോലെ മറ്റൊരു നുണയും അതിന്മേലുള്ള മറ്റൊരു യുദ്ധവുമാണ് നടക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു

Update: 2026-03-03 08:55 GMT

വാഷിങ്ടണ്‍ ഡിസി: ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്. വിയറ്റ്‌നാമിലെയും ഇറാഖിലെയും പോലെ മറ്റൊരു നുണയും അതിന്മേലുള്ള മറ്റൊരു യുദ്ധവുമാണ് നടക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

'ട്രംപ് പറയുന്നു, ആണവായുധം നിര്‍മിക്കുന്നത് അനുവദിക്കാനാകില്ല, അതിനാല്‍ ഇറാനെ ആക്രമിക്കേണ്ടിവന്നു എന്ന്. ശരിക്കും?? ഇതേ പ്രസിഡന്റല്ലേ ജൂണില്‍ പറഞ്ഞത് ഇറാന്റെ ആണവ ശേഷി പൂര്‍ണമായും തകര്‍ത്തെന്ന്. വിയറ്റ്‌നാം, ഇറാഖ്, ഇറാന്‍. മറ്റൊരു നുണ, മറ്റൊരു യുദ്ധം' -ബേണി സാന്‍ഡേഴ്‌സ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Advertising
Advertising

2025 ജൂണില്‍ 12 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചിരുന്നു. അന്ന്, ഇറാന്റെ ആണവ സൗകര്യങ്ങളെല്ലാം പാടെ തകര്‍ത്തു എന്നാണ് പ്രസിഡന്റ് ഔദ്യോഗികമായി പ്രസ്താവിച്ചത്. ഇതോടെ ലോകം കൂടുതല്‍ സുരക്ഷിതമായി എന്നും ഇറാനെതിരായ ആക്രമണത്തെ ന്യായീകരിച്ച് അന്ന് ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ഇറാനെതിരായ സൈനിക നടപടി തുടരും. വേണ്ടിവന്നാല്‍ കരയുദ്ധം നടത്തുമെന്നും യുദ്ധം ഒരു മാസം വരെ നീണ്ടേക്കാമെന്നും ട്രംപ് പറഞ്ഞു.

ട്രംപും നെതന്യാഹുവും തുടങ്ങിവെച്ച യുദ്ധം അന്താരാഷ്ട്ര നിയമലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ബേണി സാന്‍ഡേഴ്സ് വിമര്‍ശിച്ചിരുന്നു. മേഖലയിലെ ജനങ്ങളുടെയും യുഎസ് സൈനികരുടെയും ജീവന്‍ അപകടത്തിലാക്കുകയാണ് യുദ്ധം. ഇറാനെതിരായ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കുകയെന്ന നെതന്യാഹുവിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അമേരിക്കക്കാരുടെ ജീവന്‍ ചൂതാടുകയാണ് ട്രംപ് എന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News