റിയാദ് യുഎസ് എംബസിയിൽ രണ്ട് ഡ്രോണുകൾ നേരിട്ട് പതിച്ചു
സ്ഥിരീകരിച്ച് സൗദി പ്രതിരോധ മന്ത്രാലയം
റിയാദ്: റിയാദ് യുഎസ് എംബസി കെട്ടിടത്തിൽ രണ്ട് ഡ്രോണുകൾ നേരിട്ട് പതിച്ചു. ഇക്കാര്യം സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ എംബസിയിൽ തീപിടിത്തമുണ്ടായി. ആക്രമണ സമയത്ത് എംബസിയിൽ ആരുമുണ്ടായിരുന്നില്ല. റിയാദിലേക്ക് എട്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമുണ്ടായെന്നും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് ഡ്രോണുകൾ എത്തിയത്. ആറെണ്ണം തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടെണ്ണം റിയാദ് യുഎസ് എംബസിയിൽ പതിക്കുകയായിരുന്നു. അൽ ഖർജിലേക്ക് വന്ന ഡ്രോണുകൾ ആകാശത്ത് വെച്ച് തകർത്തു.
അതേസമയം, റിയാദ്, ജിദ്ദ യുഎസ് എംബസി ജീവനക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. വീടുകളിൽ തന്നെ തുടരാനാണ് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് നിർദേശം നൽകിയിരിക്കുന്നത്. എംബസി ജീവനക്കാർ സൗദിയിലെ സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. യുഎസ് പൗരന്മാരെ ലക്ഷ്യം വെച്ച് ഇറാന്റെ ആക്രമണത്തിന് സാധ്യതയുള്ളതിനാലാണിത്.
സർവീസ് ഭാഗികമായി പുനരാരംഭിക്കാൻ ഇൻഡിഗോ
ഇൻഡിഗോ ഇന്ന് സൗദിയിലെ സർവീസ് ഭാഗികമായി പുനരാരംഭിക്കും. ജിദ്ദയിൽ നിന്ന് പത്ത് സർവീസുകളാണ് നടത്തുക. അഹ്‌മദാബാദ്, ഹൈദരാബാദ്, മുംബൈ റൂട്ടുകളിൽ സർവീസ് നടത്തും.