സൗദി അരാംകോ പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണ ശ്രമം തകർത്തു
സുരക്ഷയുടെ ഭാഗമായി പ്ലാന്റ് താൽക്കാലികമായി അടച്ചു
സൗദിയിലെ റാസ്തനൂറയിലുള്ള അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇന്നുണ്ടായ ഡ്രോൺ ആക്രമണശ്രമം സൗദി പ്രതിരോധ സേന തകർത്തു. ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപേ പ്രതിരോധ സേന ആകാശത്തുവെച്ച് വെടിവെച്ചിട്ടു. ഇവയുടെ അവശിഷ്ടങ്ങൾ കോംപൗണ്ടിലെ താമസ സ്ഥലത്ത് പതിച്ചതിനെത്തുടർന്ന് ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കേൽക്കാതെ തന്നെ ഉടൻ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു. എന്നാൽ പെട്രോളിയം വിതരണത്തെ ആക്രമണം ബാധിച്ചിട്ടല്ലെന്ന് സൗദി ഊർജ മന്ത്രാലയം വ്യക്തമാക്കി
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ റാസ്തനൂറ പ്ലാന്റിൽ പ്രതിദിനം 5.5 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്. പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന്റെയും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായി പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പേർഷ്യൻ ഉൾക്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റ് ആഗോള എണ്ണ വിപണിയിലെ സുപ്രധാന കേന്ദ്രമാണ്.