പെർമിറ്റില്ലാതെ വിദേശികളെ നിയമിച്ചാൽ പിഴ; തൊഴിൽ നിയമം വീണ്ടും പരിഷ്‌കരിച്ച് സൗദി

പുതുക്കിയ പിഴപട്ടിക പുറത്തിറക്കി

Update: 2026-02-27 17:05 GMT

ദമ്മാം: സൗദിയിൽ തൊഴിൽ നിയമങ്ങൾ വീണ്ടും പരിഷ്‌കരിച്ച് മാനവ വിഭവശേഷി മന്ത്രാലയം. മതിയായ തൊഴിൽ പെർമിറ്റില്ലാതെ വിദേശ തൊഴിലാളികളെ ജോലിക്കെടുത്താൽ കടുത്ത പിഴ ചുമത്തും. തൊഴിൽ നിയമങ്ങളുടെയും അവയുടെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെയും ലംഘനങ്ങൾക്കുള്ള പിഴകളുടെ പുതുക്കിയ പട്ടിക മന്ത്രാലയം പുറത്തിറക്കി.

തൊഴിൽ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികൾ. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽ-റാജ്ഹിയാണ് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്.

Advertising
Advertising

മതിയായ തൊഴിൽ പെർമിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്തും. അംഗീകാരമില്ലാതെ സൗദി പൗരന്മാരെയോ വിദേശികളെയോ ജോലിക്കെടുക്കുകയോ സബ് കോൺട്രാക്ട് നൽകുകയോ ചെയ്താൽ ആദ്യ തവണ 2,00,000 റിയാൽ പിഴ ഈടാക്കും. ലംഘനം ആവർത്തിച്ചാൽ പിഴ 2,50,000 റിയാൽ വർധിക്കും. തൊഴിലാളിയുടെ പാസ്‌പോർട്ടോ ഇഖാമയോ പിടിച്ച് വെച്ചാൽ ഒരു തൊഴിലാളിക്ക് 3000 റിയാൽ തോതിൽ തൊഴിൽദാതാവിന് പിഴ വീഴും. ഇലക്ട്രോണിക് തൊഴിൽ കരാർ രേഖപ്പെടുത്താതിരുന്നാൽ 1000 വീതവും, പ്രസവാവധി അനുവദിക്കാതിരുന്നാൽ ആളോഹരി വഹിതമായി 1000 റിയാലും പിഴ ചുമത്താൻ പരിഷ്‌കരിച്ച നിയമം അനുവാദം നൽകുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News