സൗദിയിൽ ഉംറക്കാരുടെ ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ ഖബറടക്കത്തിനുള്ള നടപടികൾ തുടങ്ങി

പരിക്കേറ്റ 18 മലയാളികളിൽ ഒരാളുടെ നില ഗുരുതരം

Update: 2026-02-27 16:59 GMT

റിയാദ്:മക്കയിലേക്ക് പോയ ഉംറക്കാരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഖബറടക്കത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. പരിക്കേറ്റ 18 മലയാളികളിൽ ഒരാളുടെ നില ഗുരുതരമാണ്. ആകെ നാല് പേരാണ് നിലവിൽ ഐസിയുവിൽ തുടരുന്നത്. 40 പേർ സഞ്ചരിച്ച ബസ്സിൽ മറ്റു സംസ്ഥാനക്കാരും ഉണ്ടായിരുന്നു.

ഇന്നലെയാണ് റിയാദിലെ ഹോത്ത ബനീ തമീമിൽ നിന്ന് മക്കയിലേക്ക് പോയ ബസ്സ് അപകടത്തിൽ പെട്ടത്. ത്വാഇഫിന് അടുത്ത് വെച്ച് ബസ്സിന്റെ ടയർ പൊട്ടിയതോടെ എതിർദിശയിലേക്ക് പോയ ബസ്സ് മറിയുകയായിരുന്നു.

ഉംറ ഗ്രൂപ്പിനെ നയിച്ച നിലമ്പൂർ സ്വദേശി ഇസ്മാഈൽ, പത്തനാപുരം സ്വദേശി ഷീബ എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണ്. ബസ്സിൽ ആകെ 40 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഇരുപതിലേറെ മലയാളികളുണ്ടായിരുന്നു. ഇവരിൽ 18 പേർ ആശുപത്രിയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. ഖാസിറാത്ത്, ദുലും, അഫീഫ്, ത്വാഇഫ് എന്നീ സ്ഥലങ്ങളിലെ അഞ്ചു ആശുപത്രികളിലായാണ് പരിക്കറ്റവർ ചികിത്സയിലുള്ളത്. യാത്ര തുടങ്ങിയപ്പോൾ തകരാർ കണ്ടെത്തിയ ബസ്സ് പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകവെയാണ് ടയർ പൊട്ടിയത്. ഇതോടെ മറിഞ്ഞ ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ചാണ് പലർക്കും സാരമായ പരിക്കേറ്റത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News