വിദ്വേഷ പ്രസംഗങ്ങളില്‍ 75 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

2023ന്‍റെ ആദ്യപകുതിയില്‍ 255 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ അത് 413 ആയി ഉയര്‍ന്നു

Update: 2024-02-27 09:59 GMT

പ്രതീകാത്മക ചിത്രം

ഡല്‍ഹി: രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളില്‍ 75 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് റിപ്പോര്‍ട്ട്. 2023ല്‍ മുസ്‍ലിംങ്ങളെ ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗങ്ങള്‍ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ന്‍റെ ആദ്യപകുതിയില്‍ 255 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ അത് 413 ആയി ഉയര്‍ന്നു. വിദ്വേഷ പ്രസംഗങ്ങില്‍ 62 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

ഇതില്‍ 75 ശതമാനവും നടന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 239 കേസുകള്‍(36%) മുസ്‍ലിംങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള നേരിട്ടുള്ള ആഹ്വാനവും ഉൾപ്പെടുന്നു.63 ശതമാനം ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ജിഹാദ്, ജനസംഖ്യ ജിഹാദ് പോലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളാണ്. 25 ശതമാനം മുസ്‍ലിം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രസംഗങ്ങളാണെന്നും 'ഇന്ത്യയിലെ വിദ്വേഷ പ്രസംഗ കേസുകള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നത്. ഇസ്രായേല്‍-ഗസ്സ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ മുസ്‌ലിംകൾക്കെതിരെ 41 വിദ്വേഷ പ്രസംഗങ്ങൾ നടന്നതായി റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Advertising
Advertising

അതേസമയം വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ സംസ്ഥാനങ്ങൾക്ക് ഈയിടെ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ മതം നോക്കാതെ നടപടി എടുക്കണമെന്നും പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്നുമാണ് നിർദേശം. ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് വി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള ഹരജി പരിഗണിക്കവെ ആയിരുന്നു സുപ്രിം കോടതിയുടെ നിർണായക തീരുമാനം. ആരെങ്കിലും പരാതി നൽകാൻ കാത്തിരിക്കണമെന്നില്ലെന്നും ഇത്തരം പ്രസംഗങ്ങൾക്ക് പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഇത്തരത്തിൽ കേസെടുക്കാൻ സുപ്രിം കോടതി അനുവാദം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സമാന രീതിയിൽ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസെടുക്കാൻ വൈകുകയാണെങ്കിൽ സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയില്‍ വിദ്വേഷ പ്രസംഗത്തിന്മേലുള്ള ഹരജികൾ പരിഗണിക്കവേ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ചാനലുകളും പൊതുവേദികളും തീവ്രസ്വഭാവുമുള്ളവർ ഉപയോഗിക്കുകയാണെന്നും രാഷ്ട്രീയവും മതവും വേർതിരിക്കപ്പെടുമ്പോൾ ഇതെല്ലാം അവസാനിക്കുമെന്നും ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കിയിരുന്നു. പ്രസംഗിക്കുമ്പോൾ പലരും മറുപുറത്ത് നിൽക്കുന്നവരോട് പാകിസ്താനിലേക്ക് പോകൂ എന്നാണ് പറയുന്നതെന്നും ഇത്തരം പ്രസംഗങ്ങൾ ഇനി നടത്തില്ലെന്ന് കാട്ടി ജനങ്ങൾ എന്തുകൊണ്ടാണ് പ്രതിജ്ഞയെടുക്കാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News