ഫലസ്തീൻ അനുകൂല വിദ്യാർഥി നേതാവിന്റെ അറസ്റ്റ്: അമേരിക്കയിൽ വൻ പ്രതിഷേധം
മഹ്മൂദ് ഖലീലിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്കിലും വാഷിങ്ടണിലും ആയിരങ്ങൾ തെരുവിലിറങ്ങി
ന്യൂയോർക്ക്: ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തിനെതിരെ കൊളംബിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ വൻ പ്രതിഷേധം. അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് മഹ്മൂദിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശികളെ നാടുകടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ അറസ്റ്റാണ് മഹ്മൂദ് ഖലീലിേൻറത്.
അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്. യുഎസ് നിയമനിർമ്മാതാക്കളും പൗരാവകാശ സംഘടനകളും അറസ്റ്റിനെ വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്ലൈബ് അറസ്റ്റിനെ അപലപിച്ചുകൊണ്ട് പറഞ്ഞു. ‘മഹ്മൂദ് ഖലീലിനെ സ്വതന്ത്രമാക്കൂ. വിയോജിപ്പിനെ ക്രിമിനൽ കുറ്റമാക്കുന്നത് നമ്മുടെ ഒന്നാം ഭേദഗതിക്കും സംസാര സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണ്’ -ത്ലൈബ് പറഞ്ഞു.
ഖലീലിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിച്ച കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നടപടികളെ അപലപിക്കുകയും ചെയ്തു. ഖലീലിെൻറ അറസ്റ്റിൽ പ്രതിഷേധിച്ച് ന്യൂയോർക്കിലും വാഷിങ്ടണിലും ആയിരക്കണക്കിന് പേർ തെരുവിലിറങ്ങി.
അതേസമയം, ഖലീലിന്റെ അറസ്റ്റിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ഖലീൽ വിദേശ ഹമാസ് അനുകൂല വിദ്യാർഥിയാണെന്ന് വിശേഷിപ്പിച്ച ട്രംപ് വരാനിരിക്കുന്ന അറസ്റ്റുകളുടെ തുടക്കമാണിതെന്നും വ്യക്തമാക്കി.
സിറിയയിൽ ജനിച്ച ഫലസ്തീൻ വംശജനായ ഖലീൽ കൊളംബിയയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സിൽനിന്നാണ് കഴിഞ്ഞവർഷം ബിരുദാനന്തര ബിരുദം നേടുന്നത്. ഇയാളെ നാടുകടത്തുന്നത് ഫെഡറൽ ജഡ്ജി താൽക്കാലികമായി തടഞ്ഞിട്ടുണ്ടെങ്കിലും ലൂസിയാനയിലെ തടങ്കൽ കേന്ദ്രത്തിൽ തടവിൽ കഴിയുകയാണ്.