'നമ്പര്‍ തന്നു, രാത്രി വന്ന് കാണാന്‍ നിര്‍ബന്ധിച്ചു, ഞാന്‍ പോയില്ല'; ദീപക് ചോപ്രക്കെതിരെ ആരോപണവുമായി യുവതി
ജെഫ്രി എപ്സ്റ്റീനുമായി ദീപക് ചോപ്രക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍
അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍-അമേരിക്കന്‍ ന്യൂ ഏജ് ആത്മീയ ഗുരു ഡോ. ദീപക് ചോപ്രക്കെതിരെ ആരോപണവുമായി യുവതി. തനിക്ക് 16 വയസുണ്ടായിരുന്നപ്പോള്‍ രാത്രി വന്ന് കാണാന്‍ ദീപക് ചോപ്ര ആവശ്യപ്പെട്ടെന്നാണ് കലാകാരിയും സംരംഭകയുമായ സെവ്ദ റൂബെന്‍സ് എന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞത്. എന്നാല്‍, ക്ഷണത്തില്‍ അസ്വാഭാവികത തോന്നിയ താന്‍ ദീപക് ചോപ്രയുടെ അടുത്തേക്ക് പോയില്ലെന്നും ഇവര്‍ പറഞ്ഞു.
'16 വയസ്സുണ്ടായിരുന്നപ്പോള്‍ ഞാന്‍ യൂറോപ്പില്‍ ദീപക് ചോപ്ര സംഘടിപ്പിച്ച മെഡിറ്റേഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ചില ആത്മീയ രീതികളെ കുറിച്ച് ചോദിച്ചറിയാന്‍ ഞാന്‍ അദ്ദേഹത്തെ കാണാനുള്ള വരിയില്‍ നിന്നു. അദ്ദേഹം എനിക്ക് നമ്പര്‍ തരികയും രാത്രി വന്ന് കാണാന്‍ നിര്‍ബന്ധിക്കുകയുമാണ് ചെയ്തത്. എനിക്ക് അപകടം മണക്കുകയും, പോകരുത് എന്ന് ഉള്ളില്‍ നിന്ന് ആരോ പറയുന്ന പോലെ തോന്നുകയും ചെയ്തു. അതിനാല്‍ ഞാന്‍ പോയില്ല. അത് എനിക്കുള്ള തിരിച്ചറിവ് കൂടിയായിരുന്നു. ആണുങ്ങളായ ആത്മീയാചാര്യര്‍ സൃഷ്ടിക്കപ്പെട്ടതാണ്. ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ യാഥാര്‍ഥ്യവും' -സെവ്ദ റൂബെന്‍സ് പോസ്റ്റില്‍ പറഞ്ഞു. ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് പങ്കുവെച്ചത്. സമാനമായ സാഹചര്യങ്ങളില്‍ മോശം അനുഭവങ്ങള്‍ നേരിടേണ്ടിവന്നതും പലരും പങ്കുവെച്ചു.
2016നും 2018-നും ഇടയില്‍ എപ്സ്റ്റീനുമായി ദീപക് ചോപ്ര നടത്തിയ ഇമെയില്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് എപ്സ്റ്റീന്‍ ഫയല്‍സിന്റെ ഭാഗമായി പുറത്തുവന്നത്. ദീപക് ചോപ്രയും എപ്സ്റ്റീനും തമ്മില്‍ പല വിഷയങ്ങളിലും ആശയവിനിമയം നടത്തിയിട്ടുണ്ട്. 'ദൈവം സൃഷ്ടിക്കപ്പെട്ടതാണ്, സുന്ദരികളായ പെണ്‍കുട്ടികള്‍ യാഥാര്‍ഥ്യവും' എന്ന് ചോപ്ര ഒരു മെയിലില്‍ എപ്സ്റ്റീനോട് പറയുന്നുണ്ട്. തനിക്ക് വേണ്ടി സുന്ദരികളായ ഇസ്രായേലി യുവതികളെ കണ്ടെത്തിത്തരുമോ എന്ന് ചോപ്ര എപ്സ്റ്റീനോട് ചോദിക്കുന്നുണ്ട്. രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ ദീപക് ചോപ്ര വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ ഒരു കുറ്റകൃത്യത്തിന്റെയും ഭാഗമായിട്ടില്ലെന്നും ആരെയും ചൂഷണം ചെയ്തിട്ടില്ലെന്നും മെയിലുകളില്‍ താന്‍ ഉപയോഗിച്ച ഭാഷ മോശമായിരുന്നെന്നും അതില്‍ ഖേദിക്കുന്നുവെന്നും ദീപക് ചോപ്ര പറഞ്ഞു. എപ്സ്റ്റീനുമായുള്ള ചാറ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ ദീപക് ചോപ്രക്കെതിരെ വ്യാപകമായ വിമര്‍ശനമാണുയരുന്നത്.