ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് ഓസ്‌ട്രേലിയയും

ബീജിങ്ങിലേക്ക് നയതന്ത്ര സംഘത്തെ അയക്കില്ലെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Update: 2021-12-08 02:45 GMT
Editor : Lissy P | By : Web Desk

ബീജിങ്ങിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സിലേക്ക്  ഉദ്യോഗസ്ഥരെ അയയ്ക്കില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെ പിന്തുണക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.ഓസ്ട്രേലിയയുടെ വിദേശ ഇടപെടൽ നിയമങ്ങൾ മുതൽ ആണവോർജ്ജം പ്രവർത്തിക്കുന്ന അന്തർവാഹിനികൾ സ്വന്തമാക്കാനുള്ള  തീരുമാനം വരെയുള്ള നിരവധി വിഷയങ്ങളിൽ ചൈനയുമായുള്ള വിയോജിപ്പും ബഹിഷ്‌കരണത്തിന് കാരണമായി.

ചൈനയിലെ സിൻജിയാങ് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളും കാൻബെറയുമായുള്ള മന്ത്രിതല സമ്പർക്കത്തിൽ ബെയ്ജിംഗിന്റെ തുടർച്ചയായ മരവിപ്പിക്കലും അംഗീകരിക്കാനാവില്ല. നിലപാടുകളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും രാജ്യത്തിന്റെ താൽപര്യത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും സ്‌കോട്ട് മോറിസൻ അറിയിച്ചു. അമേരിക്ക ഒളിമ്പിക്‌സിൽ നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഓസ്ട്രേലിയയും നിലപാട് പ്രഖ്യാപിച്ചത്.

Advertising
Advertising

ഓസ്ട്രേലിയ മികച്ച കായിക രാഷ്ട്രമാണ്. കായിക പ്രശ്നങ്ങളെയും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളെയും വേർതിരിച്ച് കാണുന്നുന്നു. ഇത് രണ്ടു സർക്കാറുകൾ തമ്മിലുള്ള പ്രശ്‌നമാണ്. ആ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ഓസ്ട്രേലിയൻ ടീമിന്റെ തയ്യാറെടുപ്പുകളെ ഇത് ബാധിക്കില്ലെന്നും ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി (എഒസി) അറിയിച്ചു. കോവിഡിന്റെ സങ്കീർണമായ സാഹചര്യത്തിൽ ടീം അംഗങ്ങൾക്ക് ചൈനയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള കാര്യങ്ങൾ ഉറപ്പുവരുത്തും. കായിക താരങ്ങളെ സുരക്ഷിതമായി ബീജിങ്ങിലെത്തിക്കുക, അവരെ സുരക്ഷിതമായി മത്സരിപ്പിക്കുക, തിരിച്ച് വീട്ടിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.താരങ്ങളെല്ലാം ഒളിമ്പിക്‌സിന് വേണ്ടി എല്ലാ തയാറെടുപ്പുകളും പരിശീലനവും പൂർത്തിയാക്കി കഴിഞ്ഞു. കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒളിമ്പിക്‌സ് കമ്മിറ്റി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയയുടെ 40 ഓളം താരങ്ങൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News