മോദിയുടെ സന്ദര്‍ശനത്തിനിടെ ആസ്ത്രേലിയൻ പാർലമെന്‍റ് ഹൗസിൽ ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും

മൂന്നു ദിവസത്തെ പര്യടനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്ര മോദി സിഡ്നിയില്‍ എത്തുക

Update: 2023-05-21 06:47 GMT
Advertising

കാന്‍ബറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്ത്രേലിയന്‍ സന്ദര്‍ശനത്തിനിടെ കാന്‍ബറയിലെ പാർലമെന്‍റ് ഹൗസിൽ മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെയും ചില സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രദര്‍ശിപ്പിക്കുക. അടുത്ത ആഴ്ചയാണ് നരേന്ദ്ര മോദിയുടെ സിഡ്നി സന്ദര്‍ശനം.

മോദി സർക്കാരിന്‍റെ കീഴില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഇന്ത്യ പിന്തിരിയുന്നുവെന്ന് ചൂണ്ടിക്കാണിക്കാനാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ആസ്ത്രേലിയയുടെ പാർലമെന്‍റ് ഹൌസ് പ്രദര്‍ശനങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കാറുണ്ട്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സഹകരണത്തോടെ സ്വകാര്യ പരിപാടിയായാണ് ഡോക്യുമെന്‍ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ആംനസ്റ്റിക്ക് പുറമെ ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആസ്ത്രേലിയ ആന്‍ഡ് ന്യൂസിലൻഡ്, മുസ്‍ലിം കളക്ടീവ്, പെരിയാർ-അംബേദ്കർ തോട്ട് സര്‍ക്കിള്‍, ദി ഹ്യൂമനിസം പ്രോജക്റ്റ് ആന്‍ഡ് സെന്റർ ഫോർ കൾച്ചർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഡോക്യുമെന്‍ററി പ്രദര്‍ശനം.

മൂന്നു ദിവസത്തെ പര്യടനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്ര മോദി സിഡ്നിയില്‍ എത്തുക. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. മെഗാ കമ്മ്യൂണിറ്റി പരിപാടിയിലും മോദി പങ്കെടുക്കും. കാൻബറയിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമ്പോഴേക്കും മോദിയുടെ സന്ദര്‍ശനം കഴിയും.

ആസ്ത്രേലിയൻ സെനറ്റർമാരായ ഡേവിഡ് ഷൂബ്രിഡ്ജ്, ജോർഡൻ സ്റ്റീൽ ജോൺ എന്നിവർ ഡോക്യുമെന്‍ററി പ്രദര്‍ശനത്തിലും ചര്‍ച്ചയിലും പങ്കെടുക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നരേന്ദ്ര മോദിയോട് ആശങ്ക ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ആസ്ത്രേലിയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു- "പഞ്ചാബികൾ, കശ്മീരികൾ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മുസ്‍ലിംകള്‍, സിഖ് സമുദായങ്ങൾ എന്നിവരുൾപ്പെടെ വിശാലമായ ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ ഉത്കണ്ഠ ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഇന്ത്യയിലെ തങ്ങളുടെ ബന്ധുക്കളെക്കുറിച്ചും അവരുടെ മതസ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും ഭാവിയെക്കുറിച്ചും അവര്‍ക്ക് ആശങ്കയുണ്ട്".

രണ്ട് ഭാഗങ്ങളുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം 2002ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ചാണ്. ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം ഇന്ത്യയില്‍ വിലക്കിയിരുന്നു.

Summary- BBC documentary on Narendra Modi to be screened at Australian Parliament House in Canberra. Screening is being held by a group of diaspora organisations.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News