ഫിൻലാൻഡിലെ സാംസ്കാരിക പരിപാടി 'ഇന്ത്യാ ഡേ'യിൽ നിന്നും ബീഫ് ഒഴിവാക്കി
ഫിൻലാൻഡിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകൾ പങ്കെടുക്കുന്ന പരിപാടിയാണ് 'ഇന്ത്യാ ഡേ'. ഫിൻലാന്‍ഡ് മലയാളി അസോസിയേഷനാണ് പരിപാടിക്ക് രൂപം കൊടുത്തത്
Representative image
ഹെൽസിങ്കി: ഫിൻലാൻഡിൽ നടത്തിവരുന്ന സാംസ്‌കാരിക പരിപാടിയായ 'ഇന്ത്യാ ഡേ'യിൽ നിന്നും ബീഫും പന്നിയിറച്ചിയും ഒഴിവാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകൾ പങ്കെടുക്കുന്ന പരിപാടിയിൽ ഫിൻലാൻഡ് മലയാളി അസോസിയേഷനോടാണ്(ഫിമ) ബീഫും പന്നിയിറച്ചിയും ഒഴിവാക്കണമെന്ന് ഇന്ത്യാ ഡേയുടെ മാനേജിങ് ടീം ആവശ്യപ്പെട്ടത്. മതവികാരം വ്രണപ്പെടുമെന്നാണ് സംഘാടകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഫിന്‍ലാന്‍ഡില്‍ 2018 മുതൽ നടത്തിവരുന്ന പരിപാടിയാണ് 'ഇന്ത്യാ ഡേ'. ഫിൻലാന്‍ഡ് മലയാളി അസോസിയേഷനാണ് പരിപാടിക്ക് രൂപം കൊടുത്തത് തന്നെ. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആചാരങ്ങളും വിഭവങ്ങളുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. എല്ലാ സംസ്ഥാനക്കാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
മലയാളികളുടെ ആവശ്യം പരിഗണിച്ച് ഇത്തവണയാണ് പൊറോട്ടയും ബീഫും മെനുവിൽ ഉൾപ്പെടുത്താന്‍ മലയാളി അസോസിയേഷന്‍ തീരുമാനിച്ചത്. മലയാളികള്‍ക്ക് പുറമെ ബീഫ് വിഭവങ്ങളെ ഇഷ്ടപ്പെടുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലുമുണ്ട്. ഇത് കൂടി പരിഗണിച്ചായിരുന്നു അസോസിയേഷന്‍റെ തീരുമാനം. ഇക്കാര്യം ഇന്ത്യാ ഡേ സംഘാടകരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മെനു മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തില്‍ യോഗം ചേര്‍ന്നെന്നും വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ബീഫ് വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് ലഭിച്ചതെന്നുമാണ് 'ഇന്ത്യ ഡേ' മാനേജിങ് കമ്മിറ്റി ഫിന്‍ലാന്‍ഡ് മലയാളി അസോസിയേഷനെ അറിയിക്കുന്നത്. മതവികാരം മുറിപ്പെടുമെന്ന് കണ്ടാണ് ഒഴിവാക്കിയതെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്. എന്നാൽ ഫിൻലാൻഡ് പോലുള്ള രാജ്യത്ത് ഏത് ഭക്ഷണം കഴിക്കുന്നതിനും വിലക്കില്ലെന്നും ചിലരുടെ താത്പര്യമാണ് പിന്നിലെന്നുമാണ് മലയാളി അസോസിയേഷന്‍ ആരോപിക്കുന്നത്. സംഘാടകരുടെ നിര്‍ദേശപ്രകാരം ബീഫും പന്നിയിറച്ചിയും ഒഴിവാക്കി പരിപാടി പിന്നീട് നടന്നു.