ഇസ്രായേലിനെ സഹായിക്കാൻ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി യു.എസ്

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു.

Update: 2024-08-03 02:55 GMT

വാഷിങ്ടൺ: ഇസ്രായേലിനെ സഹായിക്കാൻ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി യു.എസ്. ഹമാസ് തലവനായിരുന്ന ഇസ്മാഈൽ ഹനിയ്യയെ തെഹ്‌റാനിൽ കൊലപ്പെടുത്തിയത് മേഖലയിലെ കാര്യങ്ങൾ കൂടുതൽ സങ്കിർണമാക്കിയിരുന്നു. ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് യു.എസ് നീക്കം. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. സംഭാഷണത്തിൽ ബൈഡൻ ഇക്കാര്യം അറിയിച്ചെന്നാണ് റിപ്പോർട്ട്.

ഭീഷണികൾക്കെതിരെ ഇസ്രായേൽ പ്രതിരോധസേനക്ക് യു.എസ് പിന്തുണ നൽകും. പുതിയ സൈനിക വിന്യാസമുൾപ്പടെ ഇതിന്റെ ഭാഗമായി ഉണ്ടാകും. അതേസമയം ഏത് രീതിയിലുള്ള സൈനിക വിന്യാസമാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ല.

Advertising
Advertising

യു.എസ് സെൻട്രൽ കമാൻഡുമായി പെന്റഗൺ ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് സൂചന. നിലവിൽ ഗൾഫ് ഓഫ് ഒമാനിൽ യു.എസിന്റെ തിയോഡർ റൂസ്‌വെൽറ്റ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. വിമാനവാഹിനി കപ്പലടക്കമുള്ള സന്നാഹങ്ങൾ ഇവരുടെ കൈവശമുണ്ട്. സംഘം ഏദൻ കടലിടുക്കിലേക്കോ മെഡിറ്ററേനിയൻ കടിലിലേക്കോ നീങ്ങിയേക്കാം.

ഇറാന്റെ പുതിയ പ്രസിഡന്റ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോഴാണ് ഹനിയ്യ കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടത്. ഹനിയ്യയുടെ വധത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ഖാംനഈ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News