​ഗാർഹികപീഡന പരാതി പറയാൻ വിളിച്ച കറുത്ത വർ​ഗക്കാരിയെ വീട്ടിലെത്തി വെടിവച്ച് കൊന്ന് യു.എസ് പൊലീസ്

മകളുടെ മുന്നിൽ വച്ച് ഒന്നിലധികം തവണ വെടിയേറ്റ് വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Update: 2023-12-23 15:00 GMT
Advertising

ലോസ് ആ‍ഞ്ചലസ്: ​ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയെ വീട്ടിലെത്തി വെടിവച്ച് കൊന്ന് യു.എസ് പൊലീസ്. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. മുൻ ആൺ സുഹൃത്ത് ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിന്റെ എമർജൻസി ഹെൽപ്പ് നമ്പരായ 911ൽ വിളിച്ച് പരാതി പറഞ്ഞ 27കാരി നിയാനി ഫിൻലെയ്‌സനാണ് കൊല്ലപ്പെട്ടത്.

യുവതിയുടെ പരാതിക്ക് പിന്നാലെ വീട്ടിലെത്തിയ ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ഉദ്യോ​ഗസ്ഥർ തർക്കത്തിനിടെ യുവതിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ലങ്കാസ്റ്ററിലെ ഈസ്റ്റ് അവന്യൂവിലുള്ള അപ്പാർട്ട്‌മെന്റിൽ ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫിന്റെ കീഴുദ്യോ​ഗസ്ഥർ എത്തിയപ്പോൾ വീട്ടിലുള്ളവർ പരസ്പരം തർക്കിക്കുന്നതും നിലവിളിക്കുന്നതും കേട്ടു. വാതിൽ ബലമായി തുറന്നപ്പോൾ നിയാനി ഒരു കത്തിയുമായി നിൽക്കുന്നതാണ് കണ്ടെതെന്ന് പൊലീസുകാർ പറയുന്നു.

ഒമ്പത് വയസുള്ള തന്റെ മകളെ ഉപദ്രവിച്ചതിന് മുൻ കാമുകനെ താൻ കുത്തുമെന്ന് യുവതി പറഞ്ഞതായി പൊലീസുകാർ പറഞ്ഞു. തുടർന്ന് കാമുകന്റെ അപ്പാർട്ട്മെന്റിലേക്ക് യുവതി കയറുകയും ഇരുവരും തമ്മിൽ പിടിവലിയുണ്ടാവുകയും ചെയ്തു. ഇതിനിടെ പൊലീസ് വെടിയുതിർക്കുകയുമായിരുന്നു.

മകളുടെ മുന്നിൽ വച്ച് ഒന്നിലധികം തവണ വെടിയേറ്റ് വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫിൻലെയ്‌സനിന്റെ പക്കൽ കത്തിയുണ്ടായിരുന്നെന്നും മുൻ കാമുകനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അപ്പോഴാണ് ഡെപ്യൂട്ടി ടൈ ഷെൽട്ടൺ വെടിയുതിർത്തതെന്നും പൊലീസ് ആരോപിച്ചു.

എന്നാൽ പൊലീസ് കള്ളം പറയുകയാണന്ന് വെടിവെപ്പിന് സാക്ഷിയായ ഒമ്പതു വയസുകാരി മകൾ സൈഷ പറഞ്ഞു. അതേസമയം, ഷെൽട്ടണെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫിൻലെയ്‌സന്റെ കുടുംബം പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു.

2020 ജൂൺ 11ന്, ഡെപ്യൂട്ടി ടൈ ഷെൽട്ടൺ 61കാരനായ മൈക്കൽ തോമസ് എന്നയാളെയും സമാനമായി കൊലപ്പെടുത്തിയിരുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നു. എമർജൻസി ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു അന്നത്തെ കൊലപാതകവും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News