കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ബ്രസീല്‍ പ്രസിഡന്‍റിന് പിഴ ചുമത്തി ഗവര്‍ണര്‍

ഒരു പൊതുപരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബ്രസീലിയന്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്‍റിനെതിരെ നടപടി സ്വീകരിച്ചത്

Update: 2021-05-24 05:05 GMT

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയ ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി ഗവര്‍ണര്‍. ഒരു പൊതുപരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബ്രസീലിയന്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്‍റിനെതിരെ നടപടി സ്വീകരിച്ചത്.

ആരോഗ്യവകുപ്പ് അധികൃതർ ബോൾസോനാരോയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും നിയമം ലംഘിക്കുന്നത് ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മാറഞ്ഞോ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോ വ്യക്തമാക്കി. സംസ്ഥാനത്ത് നൂറിലധികം ആളുകളുടെ ഒത്തുചേരൽ നിരോധിച്ചിട്ടുണ്ടെന്നും മാസ്കുകൾ ഉപയോഗിക്കുന്നത് നിർബന്ധമാണെന്നും ഡിനോ പറഞ്ഞു. ഇവ രണ്ടും ലംഘിച്ചതിനാണ് പ്രസിഡന്‍റിന് പിഴ ചുമത്തിയത്.

ബൊല്‍സൊനാരോയ്ക്ക് അപ്പീല്‍ നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സമയമുണ്ട്. അതിന് ശേഷം പിഴത്തുക എത്രയെന്ന് തീരുമാനിച്ച് അത് അടക്കേണ്ടി വരും. കോവിഡ് നിയന്ത്രണങ്ങള്‍ പൊതുവേ പാലിക്കാത്ത ബൊല്‍സൊനാരോ ഗവര്‍ണറുടെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഫ്‌ളാവിയോ ഡിനോയെ സേച്ഛാധിപതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ബ്രസീല്‍.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News