'ആരുടെയും സഹായം വേണ്ട, ഞങ്ങള്‍ ഒറ്റക്ക് മതി'; സഖ്യകക്ഷികള്‍ക്കെതിരെ തിരിഞ്ഞ് ട്രംപ്

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യത്തെ അയക്കണമെന്ന ആവശ്യം നാറ്റോ സഖ്യകക്ഷികള്‍ തള്ളിയതോടെയാണ് അതൃപ്തി പരസ്യമാക്കിയത്

Update: 2026-03-17 07:10 GMT

വാഷിങ്ടണ്‍ ഡിസി: ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യത്തെ അയക്കണമെന്ന ആവശ്യം നാറ്റോ സഖ്യകക്ഷികള്‍ തള്ളിയതോടെ കടുത്ത അതൃപ്തിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന് ആരെയും ആവശ്യമില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയാണ് തങ്ങളെന്നും ട്രംപ് പറഞ്ഞു.

'ഞങ്ങള്‍ക്ക് ആരെയും വേണ്ട. ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് യുഎസ്. ഏറ്റവും കരുത്തുറ്റ സൈന്യവും യുഎസിനുണ്ട്. കടുത്ത രീതിയില്‍ ഞാന്‍ നിര്‍ബന്ധിക്കാറില്ല. എന്റെ രീതി അതാണ്. ഞങ്ങള്‍ക്ക് അവരെ ആവശ്യമില്ല. എന്നാലും ഇത് കൗതുകമുള്ള കാര്യമാണ്' -ട്രംപ് പറഞ്ഞു. ആവശ്യമുള്ള സമയങ്ങളില്‍ സഖ്യകക്ഷികള്‍ യുഎസിനെ സഹായിക്കുമോയെന്നത് പരീക്ഷിക്കുക കൂടിയാണ് താന്‍ ചെയ്തതെന്നും ട്രംപ് പറഞ്ഞു. 'പല കാര്യങ്ങളിലും ഞാന്‍ ഇങ്ങനെ ചെയ്യാറുണ്ട്. അത് അവരെ ആവശ്യമുള്ളതു കൊണ്ടല്ല. അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയാനായാണ്. ആവശ്യമുള്ള സമയത്ത് അവര്‍ ഉണ്ടാകില്ലെന്നത് ഞാന്‍ ഏറെക്കാലമായി പറയുന്നതാണ്. എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല' -ട്രംപ് പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷക്കായി യുഎസ് ഒരുപാട് പണം ചെലവഴിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Advertising
Advertising

ഹോര്‍മുസിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സൈന്യത്തെ അയക്കണമെന്ന ട്രംപിന്റെ ആവശ്യം നാറ്റോ അംഗങ്ങള്‍ പലരും തള്ളിയിരുന്നു. യുദ്ധത്തില്‍ പങ്കാളിയാവില്ലെന്ന് യുകെയും, ഹോര്‍മുസിലേക്ക് സൈന്യത്തെ വിടില്ലെന്ന് ജര്‍മനിയും ഗ്രീസും നിലപാടെടുത്തു. ഹോര്‍മുസ് പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്ന് ഇറ്റലിയും നിലപാടെടുത്തു.

മേഖലയിലെ സ്വന്തം പൗരന്മാരെ സംരക്ഷിക്കുകയും സ്വയം പ്രതിരോധവും സഖ്യകക്ഷികളെ സംരക്ഷിക്കലും യുകെയുടെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. എന്നാല്‍, വിശാലമായ ഒരു യുദ്ധത്തിലേക്ക് സ്വയം വലിച്ചിഴക്കില്ല. മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള നടപടികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ നാറ്റോ സൈനിക സഖ്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് ജര്‍മനിയുടെ വക്താവ് പറഞ്ഞു. ജര്‍മനി യുദ്ധത്തിനായി സൈനികരെ അയക്കുകയോ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സൈനികമായി ഇടപെടുകയോ ചെയ്യില്ല -വക്താവ് പറഞ്ഞു. തങ്ങളും ഹോര്‍മുസില്‍ സൈനികമായി ഇടപെടില്ലെന്ന് ഗ്രീക്ക് വക്താവ് പാവ്ലോസ് മരിനാകിസ് പറഞ്ഞു. ഹോര്‍മുസ് പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നും ഇറ്റലി സൈനിക ഇടപെടല്‍ നടത്തില്ലെന്നും വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് തുറന്ന് എണ്ണ വിതരണം സുഗമമാക്കാന്‍ സഹായിച്ചില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയ്ക്ക് മോശം ഭാവിയുണ്ടാകുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. സഖ്യരാഷ്ട്രങ്ങള്‍ ഇടപെടുന്നില്ലെന്നും ഹോര്‍മുസിന്റെ സുരക്ഷക്ക് യുഎസ് മാത്രമേ ഇടപെടുന്നുള്ളൂ എന്നുമാണ് ട്രംപിന്റെ വാദം. ഇടപെടാനുള്ള ആവശ്യം പ്രധാന നാറ്റോ കക്ഷികള്‍ തള്ളിയതോടെ യുദ്ധത്തില്‍ ട്രംപും ഇസ്രായേലും ഒറ്റപ്പെട്ടിരിക്കുകയാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News