ട്രക്കിങ്ങിനിടെ സജീവ അഗ്നിപർവതത്തിനുള്ളിലേക്ക് വീണു; സഹായത്തിനായി നിലവിളിക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ, യുവതിക്കായി തിരച്ചിൽ ഊർജിതം

മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ദുഷ്‌കരമാക്കുന്നതായി ഇന്തോനേഷ്യൻ അധികൃതർ

Update: 2025-06-24 09:14 GMT
Editor : Lissy P | By : Web Desk

ലോംബോക്ക്: ഇന്തോനേഷ്യയിലെ സജീവ അഗ്‌നിപർവ്വതമായ മൗണ്ട് റിൻജാനിയുടെ ഗർത്തത്തിലേക്കാണ് 26 കാരയായ ജൂലിയാന മാരിൻസാ വീണത്. ശനിയാഴ്ച പ്രാദേശിക സമയം 06:30 ഓടെയാണ് ട്രക്കിങ് സംഘത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ജൂലിയാന അപകടത്തിൽപ്പെടുന്നത്.

അഗ്‌നിപർവ്വത ഗർത്തത്തിന് സമീപമുള്ള പാറക്കെട്ടിൽ നിന്നാണ്  യുവതി വീണത്. മൂടൽ മഞ്ഞുള്ള കാലാവസ്ഥയും പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ദുഷ്‌കരമാക്കുന്നതായി ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു. ഗർത്തത്തിലേക്ക് വീണ ജൂലിയാനയുടെ നിലവിളി കേട്ടതായും മൗണ്ട് റിൻജാനി പാർക്ക് അധികൃതർ സോഷ്യൽ മീഡിയ കുറിച്ചു. ഇവർ സഹായത്തിനായി നിലവിളിക്കുന്ന ഡ്രോൺ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Advertising
Advertising

വളരെ താഴ്ചയിൽ ചാരനിറത്തിലുള്ള മണ്ണിൽ അനങ്ങാനാവാതെ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തുടർന്ന് രക്ഷാപ്രവർത്തകർ 984 അടി താഴേക്കിറങ്ങി നോക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഞായറാഴ്ച വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും കനത്ത മൂടൽ മഞ്ഞുകാരണം യുവതിയെ കണ്ടെത്താനായില്ലെന്നും, രക്ഷാപ്രവർത്തനം തടസ്സപ്പെട്ടെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രക്ഷാപ്രവർത്തകർക്ക് ജൂലിയാനയെ വീണ്ടും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ നേരത്തെയുണ്ടായിരുന്നയിടത്ത് നിന്ന് കൂടുതൽ ആഴത്തിലേക്ക് അവർ വീണുപോയെന്നും അധികൃതർ പറയുന്നു.

പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം നിർത്തിവെച്ചതായാണ് പാർക്ക് അധികൃതർ പറയുന്നതെന്ന് ജൂലിയാനയുടെ കുടുംബം പറയുന്നു. എന്നാൽ അപകടത്തിന് ശേഷവും പാർക്ക് തുറന്നിരിക്കുന്നതായും വിനോദസഞ്ചാരികൾ ഇപ്പോഴും അതേ വഴിയിലൂടെ ട്രക്കിങ് നടത്തുന്നുണ്ടെന്നും കുടുംബം അവകാശപ്പെട്ടു, 'ജൂലിയാനയ്ക്ക് സഹായം ആവശ്യമാണ്! അവരുടെ ആരോഗ്യസ്ഥിതി എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല! മൂന്ന് ദിവസമായി അവർക്ക് വെള്ളമോ ഭക്ഷണമോ തെർമൽ വസ്ത്രങ്ങളോ ഇല്ല!' കുടുംബം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

അതേസമയം,അപകടത്തിന് ശേഷം പർവതാരോഹകർക്ക് മുന്നറിയിപ്പ് നൽകുകയും ആ സ്ഥലത്ത് എത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇന്തോനേഷ്യയിലെ വനം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സത്യവാൻ പുദ്യത്മോക്കോ ബിബിസിയോട് പറഞ്ഞു. എന്നാൽ ചില പർവതാരോഹകർ ഓൺലൈനിൽ ബുക്കിംഗ് നടത്തി നേരത്തെ തന്നെ മൗണ്ട് റിൻജാനിയിൽ എത്താനായി യാത്ര തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടേക്കുള്ള പ്രവേശനം വിലക്കുന്നത് ആ പർവതാരോഹർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്തോനേഷ്യൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രണ്ട് എംബസി ജീവനക്കാരെ അയച്ചിട്ടുണ്ടെന്നും ബ്രസീൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2022 ൽ പോർച്ചുഗീസ് പൗരൻ റിൻജാനി പർവതത്തിന്റെ കൊടുമുടിയിലെ ഒരു പാറക്കെട്ടിൽ നിന്ന് വീണു മരിച്ചരുന്നു.  ഈ വർഷം മെയ് മാസത്തിൽ, അഗ്‌നിപർവ്വതത്തിൽ കയറുന്നതിനിടെ മലേഷ്യൻ സഞ്ചാരിയും  വീണു മരിച്ചിട്ടുണ്ട്. 3,700 മീറ്ററിലധികം ഉയരമുള്ള മൗണ്ട് റിൻജാനി ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഉയരം കൂടിയ അഗ്‌നിപർവ്വതമാണ്. കൂടാതെ വിനോദസഞ്ചാരകൾക്ക് പ്രിയപ്പെട്ട ട്രക്കിങ് പോയിന്റ് കൂടിയാണിത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News