55 മക്കളിൽ ഒരാളുടെ സഹായത്തോടെ ഭർത്താവിനെ കൊന്നു; ബ്രസീൽ സുവിശേഷ ​ഗായികയ്ക്ക് 50 വർഷം തടവ്

2019 ജൂണിലാണ് റിയോ ഡി ജനീറോയിലെ വീടിന് പുറത്ത് ആൻഡേഴ്സൻ വെടിയേറ്റു കൊല്ലപ്പെട്ടത്.

Update: 2022-11-14 15:12 GMT
Advertising

റിയോ ഡി ജനീറോ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ബ്രസീലിൽ സെലിബ്രിറ്റി സുവിശേഷ ഗായികയ്ക്ക് 50 വർഷം തടവ്. മുൻ ബ്രസീലിയൻ കോൺഗ്രസ് അം​ഗം കൂടിയായ ഫ്ലോർഡെലിസ് ഡോസ് സാന്റോസിനെയാണ് റിയോ ഡി ജനീറോ കോടതി ശിക്ഷിച്ചത്. 55 മക്കളിൽ ഒരാളുടെ സഹയത്തോടെയാണ് 61കാരിയായ ഫ്ലോർഡെലിസ് ഭർത്താവായ ആൻഡേഴ്സൺ ഡോ കാർമോയെ കൊലപ്പെടുത്തിയത്.

42കാരനായ ആൻഡേഴ്സണെ കൊലപ്പെടുത്തുന്നതിന് മുമ്പ് സയനൈഡ് കൊടുത്ത് കൊല്ലാൻ ഇവർ ആറ് തവണ ശ്രമം നടത്തിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. 2019 ജൂണിലാണ് റിയോ ഡി ജനീറോയിലെ വീടിന് പുറത്ത് ആൻഡേഴ്സൻ വെടിയേറ്റു കൊല്ലപ്പെട്ടത്.

"കൊലപാതക ആസൂത്രണം ചെയ്തു, പ്രായപൂർത്തിയായ നിരവധി കുട്ടികളെ കുറ്റകൃത്യത്തിൽ പങ്കാളികളാക്കാൻ ശ്രമിച്ചു, സായുധ കവർച്ചക്കാരുടെ വേഷത്തിലെത്തി കേസിനെ വഴിതിരിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ഫ്ലോർഡെലിസിനെതിരെ പ്രോസിക്യൂട്ടർമാർ ചുമത്തിയത്.

ഫ്ലോർഡെലിസും ആൻഡേഴ്സണും ബ്രസീലിലെ വളർന്നുവരുന്ന ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പ്രസ്ഥാനത്തിലെ ഏറ്റവും ശക്തരായ വ്യക്തികളാണ്. 55 കുട്ടികളുള്ള ഒരു വലിയ കുടുംബമാണ് ഇവരുടേത്. കുട്ടികളിൽ ഭൂരിഭാഗവും ദമ്പതികൾ ദത്തെടുത്തവരാണ്. കൊലപാതകത്തിന് സഹായം ചെയ്ത ഫ്ലോർഡെലിസിന്റെ സ്വന്തം മകളായ സിമോൺ ഡോസ് സാന്റോസ് റോഡ്രിഗസിനയ്ക്ക് കോടതി 31 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മറ്റ് മക്കളെ കേസിൽ കുറ്റവിമുക്തരാക്കി.

ഭർത്താവ് കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ കർശന നിയന്ത്രണം പാലിച്ചതും പ്രശ്നങ്ങൾ കർശനമായി കൈകാര്യം ചെയ്തതും ഫ്ലോർഡെലിസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്ക് മുൻഗണന നൽകാൻ വിസമ്മതിക്കുകയും ചെയ്തതാണ് കൊലപാതകത്തിനു കാരണമെന്ന് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ​ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ദമ്പതികളുടെ മറ്റ് അഞ്ച് കുട്ടികളും ഒരു കൊച്ചുമകളും കേസിൽ പ്രതികളായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News