'ബ്രിട്ടനിലെ മതസൗഹാർദം ഹിന്ദുത്വസംഘടനകൾ വഷളാക്കുന്നു'; യുകെ പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്
''മുസ്‌ലിം വിരോധമാണ് ഹിന്ദുത്വ സംഘടനകളെ ബ്രിട്ടനിലെ തീവ്രവലതുപക്ഷവുമായി ഒന്നിപ്പിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന ബോളിവുഡ് സിനിമകളും സംഘർഷങ്ങൾക്ക് കാരണമാകുന്നു''
ലണ്ടൻ: ബ്രിട്ടനിലെ തീവ്രവലതുപക്ഷ സംഘടനകളുമായി ഹിന്ദുത്വ സംഘടനകൾ കൈകോർക്കുന്നത് രാജ്യത്തെ സാമുദായിക ഘടനെയ പ്രതികൂലമായി ബാധിക്കുമെന്ന് യുകെ പൊലീസിന്റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലാണ് രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതാദ്യമായാണ് 'ഹിന്ദുത്വത്തെ' ആശങ്കയായി ബ്രിട്ടനിലെ ഒരു സർക്കാർ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
മുസ്‌ലിം വിരോധമാണ് ഇരു സംഘടനകളെയും ഒന്നിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുഭാവം പുലര്‍ത്തുന്ന ഇത്തരം ഹിന്ദുത്വ സംഘടനകള്‍ ഏതൊക്കെ പാർട്ടികൾക്ക് വോട്ട് ചെയ്യണമെന്നും ഏതൊക്കെ ഒഴിവാക്കണമെന്നും പറഞ്ഞ് ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നതിനെ ഭയക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും അടക്കമുള്ള മതവിഭാഗങ്ങള്‍ക്കിടയിലെ നല്ല ബന്ധം ഹിന്ദുത്വ തീവ്രവാദം വഷളാക്കുമെന്നും നാഷണൽ പൊലീസ് ചീഫ്‌സ് കൗൺസിൽ (എൻപിസിസി) തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. ബ്രിട്ടണിലെ തീവ്രവാദ ആശയത്തിനെതിരായ ആഭ്യന്തരവകുപ്പിന്റെ കാംപയിന്‍ പൂര്‍ത്തിയാക്കി രണ്ടുമാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
2022ല്‍ ലെസ്റ്ററില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഹിന്ദുത്വവാദികള്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു. ഹിന്ദു- മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലായിരുന്നു ലെസ്റ്ററില്‍ സംഘര്‍ഷമുണ്ടായിരുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനു ശേഷം നടന്ന അക്രമസംഭവങ്ങളാണ് സാമുദായിക ലഹളയിലേക്ക് നയിച്ചിരുന്നത്. നിരവധി പേരുടെ അറസ്റ്റിലേക്കും സംഘര്‍ഷം നയിച്ചിരുന്നു. സാമൂഹിക വിരുദ്ധ, കുറ്റകൃത്യ നിയമത്തിലെ 34, 35 വകുപ്പുകൾ പ്രകാരം പ്രത്യേകാധികാര പ്രയോഗത്തിലൂടെയാണ് പൊലീസ് അന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിരുന്നത്.
അതേസമയം 2011 ജൂലൈയിൽ നോർവേയിൽ 77 പേരെ കൊലപ്പെടുത്തിയ ആൻഡേഴ്‌സ് ബ്രെവിക് ഉള്‍പ്പെടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വശങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വവാദത്തെ ബ്രെവിക് പ്രശംസിച്ചിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പ് സമയത്തെ പ്രചാരണരീതികളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
British Hindu extremists are forming alliances with far-right groups over their 'common hatred' of Muslims - sparking fears religious brawls could break out again https://t.co/gOBW8WFEKV
— Daily Mail Online (@MailOnline) March 30, 2025
ബ്രിട്ടനിലെ പത്ത് ലക്ഷം ഹിന്ദുക്കളില്‍പ്പെട്ട വോട്ടര്‍മാരെ ലക്ഷ്യംവച്ച് വാട്ട്‌സ്ആപ്പ് പ്രചാരണം നടന്നിരുന്നു. അക്കാലത്ത്, ജെറമി കോർബിന്റെ കീഴിലുള്ള ലേബർ പാർട്ടിയെ ഹിന്ദു വിരുദ്ധരായി സംഘടന കണക്കാക്കിയിരുന്നു. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നായിരുന്നു ആഹ്വാനം. ഹിന്ദുത്വവാദികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള 'ജയ് ശ്രീ റാം' വിളികള്‍ സമുദായങ്ങൾക്കിടയില്‍ സംഘർഷങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന ചില ബോളിവുഡ് സിനിമകളും സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.