ഇസ്രായേലിനെ വിമർശിച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ സാമി ഹംദിയെ അറസ്റ്റ് ചെയ്ത് യുഎസ് ഐസിഇ

ഹംദി ഭീകരതയെ പിന്തുണച്ചു എന്ന ആരോപണത്തിന് തെളിവുണ്ടോയെന്ന് ബിബിസി ചോദിച്ചെങ്കിലും ഡിഎച്ച്സും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും മറുപടി നൽകിയില്ല.

Update: 2025-10-28 08:41 GMT

Photo| Special Arrangement

വാഷിങ്ടൺ: ​ഗസ്സ വംശഹത്യയിൽ ഇസ്രായേലിനെ വിമർശിച്ച് രം​ഗത്തെത്തിയ ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും മാധ്യമ നിരൂപകനുമായ സാമി ഹംദിയെ അറസ്റ്റ് ചെയ്ത് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ). ഞായറാഴ്ച രാവിലെ സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

യുഎസിൽ പ്രഭാഷണത്തിനെത്തിയ ഹംദിയെ ഐസിഇ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും വിസ റദ്ദാക്കുകയും ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് (ഡിഎച്ച്എസ്) വക്താവ് ട്രീഷ്യ മക്‌ലോഫ്ലിൻ എക്‌സിലൂടെ അറിയിച്ചു. ഹംദി ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഡിഎച്ച്എസും ആരോപിക്കുന്നത്.

Advertising
Advertising

'തീവ്രവാദത്തെ പിന്തുണയ്ക്കുകയും അമേരിക്കക്കാരുടെ സുരക്ഷയെ സജീവമായി ദുർബലപ്പെടുത്തുകയും ചെയ്യുന്ന വിദേശികളെ സ്വീകരിക്കാൻ അമേരിക്കയ്ക്ക് ബാധ്യതയില്ല'- സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എക്‌സിൽ പറഞ്ഞു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെ വിസ റദ്ദാക്കുന്ന നടപടി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഹംദി ഭീകരതയെ പിന്തുണച്ചു എന്ന ആരോപണത്തിന് തെളിവുണ്ടോയെന്ന് ബിബിസി ചോദിച്ചെങ്കിലും ഡിഎച്ച്സും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും മറുപടി നൽകിയില്ല. യുഎസ് നടപടി അനീതിയാണെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയ മുസ്‌ലിം അഭിഭാഷക പൗരാവകാശ സംഘടനയായ കൗൺസിൽ ഓഫ് അമേരിക്കൻ- ഇസ്‌ലാമിക്‌ റിലേഷൻസ് (സിഎഐആർ), ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി ലക്ഷ്യം വയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി.

'മിഡിൽഈസ്റ്റ് വിഷയത്തിൽ ബ്രിട്ടീഷ് ടിവി നെറ്റ്‌വർക്കിലൂടെ പ്രതികരിക്കുന്ന മാധ്യമപ്രവർത്തകൻ സാമി ഹംദിയെ ഞായറാഴ്ച സാൻഫ്രാൻസിസ്കോ ഇന്റർനാഷനൽ എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു. ​ഗസ്സയിലെ വംശഹത്യക്കെതിരായ വിമർശനത്തിന്റെ പേരിലാണ് നടപടി'- സിഎഐആർ പ്രസ്താവനയിൽ അറിയിച്ചു.

ശനിയാഴ്ച സാക്രമെന്റോയിൽ നടന്ന സിഎഐആറിന്റെ വാർഷിക പരിപാടിയിൽ സംസാരിച്ച ഹംദി, ഞായറാഴ്ച ഫ്ലോറിഡയിലെ പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് തടങ്കലിലാക്കിയത്. 'ഇസ്രായേൽ വിമർശകരെ തടവിലാക്കുന്ന പരിപാടി നമ്മുടെ രാഷ്ട്രം അവസാനിപ്പിക്കണം. ഇത് ഇസ്രായേലിന്റെ പ്രാഥമിക നയമാണ്. അമേരിക്കയുടെയല്ല. അതിനാൽ ഈ രീതി അവസാനിപ്പിക്കണം'- സിഎഐആർ ആവശ്യപ്പെട്ടു.‌ ഐസിഇ ഉടൻ ഹംദിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട സിഎഐആർ, ഈ അനീതിയെക്കുറിച്ച് തങ്ങൾ ലോകത്തെ അറിയിക്കുമെന്നും അറിയിച്ചു.

ഹംദി തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവും ട്രംപിന്റെ സഹായിയുമായ ലോറ ലൂമർ രം​ഗത്തെത്തിയതിനു പിന്നാലെയാണ് ഹംദിയുടെ അറസ്റ്റ്. ലൂമർ മുസ്‌ലിം വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് സിഎഐആർ കുറ്റപ്പെടുത്തി. ദി ഇന്റര്‍നാഷണല്‍ ഇന്ററസ്റ്റ് മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫായി സേവനമനുഷ്ഠിക്കുന്ന സാമി ഹംദി 2022ല്‍ അല്‍ ജസീറയ്ക്കായി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

ഇതാദ്യമായല്ല, ​ഗസ്സ വംശഹത്യയുമായി ബന്ധപ്പെട്ട് ഇസ്രായേലിനെ വിമർശിക്കുന്നവരുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കുന്നത്. മാർച്ചിൽ കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരിയും ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റുമായ മഹമൂദ് ഖലീലിനെ അറസ്റ്റ് ചെയ്യുകയും നാടുകടത്തൽ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News