അമേരിക്കൻ വിപണി പിടിച്ചടക്കാൻ ബൈജൂസ്; ഡിജിറ്റൽ വായനാ സ്റ്റാർട്ടപ്പ് 'എപിക്' ഏറ്റെടുത്തു

12 വയസിനുതാഴെയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'എപിക്' 3,700 കോടി രൂപയ്ക്കാണ് ബൈജൂസ് ഏറ്റെടുത്തത്. 2013ൽ പ്രവർത്തനമാരംഭിച്ച ആപ്പിൽ നിലവിൽ അഞ്ചുകോടി കുട്ടികൾ വരിക്കാരായുണ്ട്

Update: 2021-07-22 13:52 GMT
Editor : Shaheer | By : Web Desk

ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് പുതിയ കുതിച്ചുചാട്ടവുമായി ബൈജൂസ്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ വായനാ പ്ലാറ്റ്‌ഫോമായ 'എപിക്' ബൈജൂസ് ഏറ്റെടുത്തു. 500 മില്യൻ ഡോളറിനാണ്(ഏകദേശം 3,722 കോടി രൂപ) എപികിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.

12 വയസിനു താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള അമേരിക്കയിലെ മുൻനിര ഡിജിറ്റൽ വായനാ പ്ലാറ്റ്‌ഫോമാണ് എപിക്. വരിചേരൽ രീതിയിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. 2013ൽ പ്രവർത്തനമാരംഭിച്ച ആപ്പിൽ നിലവിൽ അഞ്ചുകോടി കുട്ടികൾ വരിക്കാരായുണ്ട്. 20 ലക്ഷത്തോളം അധ്യാപകരും ഇതിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആഗോളതലത്തിലുള്ള 250 മുൻനിര പ്രസാധകരുടെ ഇ-പുസ്തകങ്ങൾ, ഓഡിയോ പുസ്തകങ്ങൾ, വിഡിയോകൾ എന്നിവയുടെ വൻ ശേഖരമാണ് ആപ്പിലുള്ളത്.

Advertising
Advertising

ഇത് മൂന്നാമത്തെ യുഎസ് സ്റ്റാർട്ടപ്പാണ് ബൈജൂസ് ഏറ്റെടുക്കുന്നത്. 2019ൽ വിദ്യാഭ്യാസ ഗെയിമിങ് ആപ്പായ ഒസ്‌മോയെ 850 കോടി രൂപയ്ക്ക് വാങ്ങിയായിരുന്നു അമേരിക്കൻ വിപണിയിൽ ബൈജൂസ് സാന്നിധ്യമറിയിച്ചത്. ഇതിനു പിന്നാലെ കോഡിങ് സ്റ്റാർട്ടപ്പായ വൈറ്റ്ഹാറ്റ് ജൂനിയറും ബൈജൂസ് ഏറ്റെടുത്തു.

അമേരിക്കൻ വിപണിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എപിക് ഏറ്റെടുത്തതെന്ന് ബൈജൂസ് സ്ട്രാറ്റജി വിഭാഗം മേധാവി അനിത കിഷോർ സൂചിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്കയെന്നും അവർ പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News