'യുക്രൈന്റേത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം': പിന്തുണയുമായി കാനഡ

നിയമവിരുദ്ധമായും ന്യായീകരിക്കാനാവാത്ത വിധവുമാണ് യുക്രൈനെ റഷ്യ അക്രമിക്കുന്നതെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ട്രൂഡോ

Update: 2025-03-01 07:42 GMT
Editor : rishad | By : Web Desk

ഒട്ടാവ: യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കിയുമായുള്ള ചർച്ച തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനെ പിന്തുണച്ച് കാനഡ രംഗത്ത് എത്തിയത്. 

നിയമവിരുദ്ധമായും ന്യായീകരിക്കാനാവാത്ത വിധവുമാണ് റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രൂഡോ വ്യക്തമാക്കി.  നേരത്തേ, കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയും യുക്രെയ്നു പിന്തുണ അറിയിച്ചിരുന്നു. 

Advertising
Advertising

‘‘നിയമവിരുദ്ധമായും ന്യായീകരിക്കാനാവാത്ത വിധവുമാണ് റഷ്യ യുക്രൈനെ അക്രമിക്കുന്നത്. മൂന്ന് വർഷമായി യുക്രൈന്‍ ധൈര്യത്തോടെയും സ്ഥിരോത്സാഹത്തോടെയും പോരാടുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം നമുക്കെല്ലാവർക്കും പ്രധാനപ്പെട്ടതാണ്. കാനഡ, യുക്രൈനോടൊപ്പം നിൽക്കുന്നത് തുടരും’’ – ട്രൂഡോ എക്സിൽ കുറിച്ചു.

ട്രംപുമായുള്ള വൻ വാഗ്വാദത്തിന് പിന്നാലെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും സെലൻസ്‌കിക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യയെ ആക്രമണകാരിയെന്ന് വിളിക്കുകയും അന്തസ്സിനും ബഹുമാനത്തിനും വേണ്ടി പോരാടുന്ന യു​ക്രൈന് പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. സ്പെയിനിലെയും പോളണ്ടിലെയും നേതാക്കളും സെലെൻസ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

യുക്രൈന്‍- റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ട്രംപും സെലൻസ്കിയും പരസ്പരം ഏറ്റുമുട്ടിയത്. വാഗ്വാദത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനവും റദ്ദാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News