കാനഡ പൊതുതെരഞ്ഞെടുപ്പിലേക്ക്; അടുത്തമാസം 28ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് മാര്‍ക്ക് കാര്‍ണി

അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പാർലമെന്‍റ് പിരിച്ചുവിട്ട് കാർണി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്

Update: 2025-03-24 01:45 GMT
Editor : Jaisy Thomas | By : Web Desk

ഒട്ടാവ: കാനഡ പൊതുതെരഞ്ഞെടുപ്പിലേക്ക്. രാജ്യത്ത് അടുത്തമാസം 28ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പാർലമെന്‍റ് പിരിച്ചുവിട്ട് കാർണി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താൻ കാർണിയുടെ തീരുമാനം. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവർണർ അംഗീകരിച്ചു. ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ നേരത്തെ വോട്ടെടുപ്പ് നടത്തിയാൽകാർണിയുടെ ലിബറൽ പാർട്ടിക്ക് അത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.യുഎസ് - കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്‍റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വർധനകളും വോട്ടുകളാക്കാനാണ് കാർണിയുടെ ശ്രമം. കടുത്ത ട്രംപ് വിരുദ്ധൻ കൂടിയായി കാർണിക്ക് ജനപിന്തുണ കൂടുതലാണെന്നാണ് സര്‍വേകളും പറയുന്നത്. നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് കാർണി പ്രചാരണത്തിനും തുടക്കമിട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News