ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങൾ; ഇസ്രായേലിനെ അപാർത്തീഡ് രാജ്യമായി പ്രഖ്യാപിച്ച് കാറ്റലോണിയ

സ്പാനിഷ് നഗരമായ സഗുന്റോയിലെ സിറ്റി കൗൺസിൽ, 2018ൽ ഇസ്രായേലിനെതിരെയുള്ള ആഗോള ബഹിഷ്‌ക്കരണ കാംപയിനായ ബി.ഡി.എസിന്റെ ഭാഗമാകാൻ തീരുമാനിച്ചിരുന്നു. ഔദ്യോഗികമായി ഇസ്രായേലിനെ ബഹിഷ്‌ക്കരിക്കുന്നതായി 2017ൽ വലെൻസിയൻ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു

Update: 2022-06-18 14:52 GMT
Editor : Shaheer | By : Web Desk
Advertising

ബാഴ്‌സലോണ: ഫലസ്തീനികൾക്കെതിരെ വംശീയവിവേചനം(മുമൃവേലശറ) നടത്തുന്ന രാജ്യമാണ് ഇസ്രായേലെന്ന് അംഗീകരിച്ച് കാറ്റലോണിയ പാർലമെന്റ്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലാണ് ചരിത്രപരമായ നടപടി. ഇസ്രായേലിനെതിരെ ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ പാർലമെന്റാണ് കാറ്റലോണിയ.

സ്‌പെയിന്റെ ഭാഗമായ സ്വതന്ത്ര ഭരണപ്രദേശമാണ് കാറ്റലോണിയ. കഴിഞ്ഞ മാർച്ച് 21നാണ് ഇസ്രായേലിനെ അപാർത്തീഡ് രാജ്യമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറ്റലൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത്. ഇസ്രായേലിന് നൽകിവരുന്ന സഹായങ്ങൾ നിർത്തലാക്കണമെന്ന് വോട്ടെടുപ്പിന്റെ ഭാഗമായുള്ള പ്രമേയത്തിൽ കാറ്റലൻ, സ്പാനിഷ് സർക്കാരുകളോട് ആവശ്യപ്പെട്ടു. ആംനെസ്റ്റി ഇന്റർനാഷനൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അടക്കമുള്ള രാജ്യാന്തര സമിതികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ നടപ്പാക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്താനുള്ള നയതന്ത്ര, രാഷ്ട്രീയ മാർഗമായി ഇതിനെ ഉപയോഗിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേലിനെ അപാർത്തീഡ് രാജ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ആംനെസ്റ്റി ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇസ്രായേൽ താഴ്ന്ന വംശീയ വിഭാഗമായാണ് ഫലസ്തീനികളോട് പെരുമാറുന്നതെന്നും ഫലസ്തീനിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്‌പെയിനിലെ ആംനെസ്റ്റി പ്രതിനിധികൾ കാറ്റലോണിയയിലെ രാഷ്ട്രീയ പാർട്ടികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഇതിനുമുൻപും സ്‌പെയിനിലെ വിവിധ പ്രാദേശിക ഭരണസമിതികൾ ഇസ്രായേൽ വിരുദ്ധ നടപടികൾ കൈക്കൊണ്ടിരുന്നു. സ്പാനിഷ് നഗരമായ സഗുന്റോയിലെ സിറ്റി കൗൺസിൽ, 2018ൽ ഇസ്രായേലിനെതിരെയുള്ള ആഗോള ബഹിഷ്‌ക്കരണ കാംപയിനായ ബി.ഡി.എസിന്റെ ഭാഗമാകാൻ തീരുമാനിച്ചിരുന്നു. ഔദ്യോഗികമായി ഇസ്രായേലിനെ ബഹിഷ്‌ക്കരിക്കുന്നതായി 2017ൽ വലെൻസിയൻ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു.

Summary: Catalonia recognises Israel 'committing crime of apartheid' against Palestinians

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News