ഇസ്രായേൽ കടുംപിടിത്തം; ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല
പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും സംബന്ധിച്ച് ഇസ്രായേൽ നിലപാട് കടുപ്പിച്ചതോടെ ഏറെക്കുറെ വഴിമുട്ടിയിരിക്കുകയാണ് ദോഹ ചർച്ച
തെൽ അവിവ്: ഇസ്രായേലിന്‍റെ കടുംപിടിത്തം കാരണം ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല. ബന്ദികളെ തിരിച്ചെത്തിക്കാൻ ഹമാസുമായി താൽക്കാലിക കരാർ രൂപപ്പെടുത്തുമെന്നാവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു.
പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും സംബന്ധിച്ച് ഇസ്രായേൽ നിലപാട് കടുപ്പിച്ചതോടെ ഏറെക്കുറെ വഴിമുട്ടിയിരിക്കുകയാണ് ദോഹ ചർച്ച. ഇന്ന് ചർച്ച നടക്കുമെങ്കിലും പ്രതീക്ഷ കുറവാണെന്നാണ് റിപ്പോർട്ട്. ഇരുവിഭാഗവുമായും മധ്യസ്ഥ രാജ്യങ്ങൾ ഇന്നലെ പ്രത്യേകം ചർച്ച നടത്തി. ഹമാസിനെ നിരായുധീകരിക്കുന്നതു സംബന്ധിച്ച് കരാറിൽ വ്യവസ്ഥ വേണം എന്നതാണ് ഇസ്രായേൽ മുന്നോട്ടു വെച്ച പ്രധാന ഉപാധി. എന്നാൽ നിരായുധീകരണം ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹമാസ്. വെടിനിർത്തൽ കാലയളവിൽ ഈജിപ്ത് അതിർത്തിയിലെ റഫയിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമായി തുടരുമെന്ന ഇസ്രായേൽ നിലപാടും ചർച്ചക്ക് തിരിച്ചടിയായി.
ഫലസ്തീനികളെ മുഴുവൻ റഫയിലെ പ്രത്യേക കോൺസൻട്രേഷൻ ക്യാമ്പിലേക്ക് ഒതുക്കി ഭാവിയിൽ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കാനാണ് അമേരിക്കയുമായി ചേർന്നുള്ള ഇസ്രായേലിന്‍റെ പദ്ധതിയെന്നാണ് റിപ്പോർട്ട്. വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന ഇന്നലെ വീണ്ടും ആവശ്യപ്പെട്ടു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നാൽപതിലേറെ പേർ കൊല്ലപ്പെട്ടു.
ഭക്ഷ്യവിതരണ കേന്ദ്രത്തിൽ എത്തിയവർക്ക് നേരെ ഇന്നലെ നടന്ന വെടിവെപ്പിൽ മാത്രം 10 പേരാണ് കൊല്ലപ്പെട്ടത്. ഇതുവരെ 800ഓളം പട്ടിണി പാവങ്ങളെ ഈവിധം ഇസ്രായേൽ സേന കൊലപ്പെടുത്തിയതായി യുഎൻ വെളിപ്പെടുത്തി. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക അന്വേഷക ഫ്രാൻസെസ്ക ആൽബനീസിന് വിലക്ക് ഏർപ്പെടുത്തിയ യുഎസ് നടപടി ആശങ്കാജനകമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും മൈക്രോസോഫ്റ്റ് ഉൾപ്പെടെ നാൽപതിലേറെ ആഗോള കോർറേറ്റ് സ്ഥാപനങ്ങൾ വംശഹത്യക്ക് പിന്തുണ നൽകുന്നതായും ഫ്രാൻസെസ്ക ആൽബനീസ് ആരോപിച്ചിരുന്നു.