'വിദേശ അധിനിവേശത്തിൽനിന്ന് അഫ്ഗാൻ സ്വതന്ത്രം'; യുഎസ് സേനാ പിന്മാറ്റത്തെക്കുറിച്ച് ചൈന

അഫ്ഗാൻ പുതിയൊരു അധ്യായം തുറന്നിരിക്കുന്നുവെന്നാണ് 20 വർഷത്തെ ഏറ്റുമുട്ടലിനുശേഷമുള്ള അമേരിക്കയുടെ പിന്മാറ്റം സൂചിപ്പിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു

Update: 2021-08-31 13:33 GMT
Editor : Shaheer | By : Web Desk
Advertising

അവസാന യുഎസ് സൈനികനും പിന്മാറിയതോടെ അഫ്ഗാനിസ്താനിൽ പുതിയ അധ്യായം ആരംഭിച്ചിരിക്കുകയാണെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആണ് അമേരിക്കയുടെ സമ്പൂർണ പിന്മാറ്റത്തിനു പിറകെ പ്രതികരണവുമായി രംഗത്തെത്തിയത്.

അഫ്ഗാൻ പുതിയൊരു അധ്യായം തുറന്നിരിക്കുന്നുവെന്നാണ് 20 വർഷത്തെ ഏറ്റുമുട്ടലിനുശേഷമുള്ള അമേരിക്കയുടെ സേനാപിന്മാറ്റം സൂചിപ്പിക്കുന്നതെന്ന് വാങ് വെൻബിൻ പറഞ്ഞു. വിദേശ സൈനിക അധിനിവേശത്തിൽനിന്ന് സ്വതന്ത്രമായിരിക്കുന്നു അഫ്ഗാൻ. ദേശീയ പുനർനിർമാണത്തിന്റെയും സമാധാനത്തിന്റെയും പുതിയൊരു തുടക്കത്തിലാണ് അഫ്ഗാൻ ജനത. തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശാല പ്രാതിനിധ്യമുള്ളതുമായ പുതിയൊരു സർക്കാരിന് അഫ്ഗാൻ ജനത രൂപംനൽകുമെന്നാണ് പ്രതീക്ഷ. എല്ലാത്തരം ഭീകരശക്തികളെയും അവർ അടിച്ചമർത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താലിബാനെ പുതിയ അഫ്ഗാൻ ഭരണകൂടമായി അംഗീകരിച്ചിട്ടില്ലെങ്കിലും സംഘവുമായി നല്ല ബന്ധമാണ് ചൈന പുലർത്തുന്നത്. കഴിഞ്ഞ മാസം ഉന്നതതല താലിബാൻ പ്രതിനിധി സംഘവുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചൈനയിലെ പ്രമുഖ തുറമുഖ നഗരമായ തിയാൻജിനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാൻ ഭീകരവാദ സംഘങ്ങൾക്കു താവളമൊരുക്കില്ലെന്ന് കൂടിക്കാഴ്ചയിൽ താലിബാൻ വ്യക്തമാക്കുകയും ചെയ്തതാണ്.

താലിബാൻ നിയന്ത്രണം പിടിച്ചശേഷവും കാബൂളിൽ ചൈനീസ് എംബസി പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അഫ്ഗാനിലെ സുരക്ഷാസംവിധാനങ്ങള്‍ വഷളായതിനെ തുടർന്ന് സ്വന്തം പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News