തായ്‌വാൻ വ്യോമമേഖലയിൽ യുദ്ധവിമാനങ്ങൾ ; ചൈനയുടെ നീക്കത്തിന് പിന്നിലെന്ത്?

" ലോകത്ത് ആകെ ഒരു ചൈനയേ ഉള്ളൂ. തായ്‌വാൻ ആ ചൈനയുടെ ഭാഗമാണ്. ഔദ്യോഗികമായ ഏതെങ്കിലും കരാറുമായോ സംഘടനയുമായോ ചേരുന്നതിനെ ഞങ്ങൾ എതിർക്കും"

Update: 2022-09-07 06:04 GMT
Advertising

തായ്‌വാന്റെ വ്യോമപ്രതിരോധമേഖലക്ക് മീതെ തുടർച്ചയായ നാലാം ദിവസവും പറന്ന് ചൈനീസ് വിമാനങ്ങൾ. എന്നാൽ തങ്ങൾ ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞു. തായ്‌വാൻ സ്വയം ഒരു പരമാധികാര രാഷ്ട്രമായി കണക്കാക്കുമ്പോൾ തങ്ങളിൽ നിന്നും തെറ്റിപ്പിരിഞ്ഞ് പോയ ഒരു പ്രദേശമായാണ് ചൈന തായ്‌വാനെ കാണുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ  ഇത്‌വരെ 150 ചൈനീസ്  യുദ്ധവിമാനങ്ങളാണ്  തായ്‌വാൻ വ്യോമ മഖലയിൽ പറന്നത്.  തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതൽ ചൈനീസ് വിമാനങ്ങൾ തായ്‌വാൻ വ്യോമ പ്രതിരോധ മേഖലയിലൂടെ പറന്നത്. തായ്‌വാൻ തങ്ങളുടെ അധികാരത്തിലെന്ന് അവകാശപ്പടുന്ന വ്യോമമേഖലയിൽ ഇതുവരെ ചൈനീസ് വിമാനങ്ങൾ കടന്നില്ലങ്കിലും അവരുടെ വ്യോമ പ്രതിരോധമേഖലക്ക് മീതെ ചൈനീസ് വിമാനങ്ങൾ പറന്നു. 



ഒരുവെടിപോലും വെക്കാതെയുള്ള ചൈനീസ് വിമാനങ്ങളുടെ പറക്കൽ ഒരു യുദ്ധസന്നാഹത്തിനപ്പുറമുള്ള ചില കാര്യങ്ങൾ വ്യക്തമാക്കുന്നതായാണ് പാശ്‌ചാത്യ നിരീക്ഷകർ കാണുന്നത്. തായ്‌വാൻ ഭരണനേതൃത്വത്തെ പ്രകോപിക്കുകയാണ് ഇതിൽ ഒന്നാമത്തേത്. തങ്ങളുടെ വൈമാനികർക്ക് ആ മേഖലയിൽ പറക്കാനുള്ള പരിചയം നൽകുകയെന്നതാണ് രണ്ടാമതായി ഇവർ കാണുന്ന ലക്‌ഷ്യം.  തായ്‌വാൻ തിരിച്ച് ആക്രമിക്കുമ്പോൾ താരതമ്യേന ചെറുതായ  അവരുടെ സൈനിക ശക്തി തകർക്കുകയാണ് മറ്റൊരു ലക്ഷ്യമായി കാണുന്നത്. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ഇങ്ങനെ മനസിലാക്കാം

എന്ത്കൊണ്ട് തായ്‌വാനെതിരെ ചൈന?

ഏഴ് പതിറ്റാണ്ട് മുൻപ് നടന്ന ആഭ്യന്തര യുദ്ധ ശേഷം തായ്‌വാനിലും ചൈനയിലും വ്യത്യസ്‍ത ഭരണമാണ് നിലനിൽക്കുന്നത്. തങ്ങൾ ഇതുവരെ ഭരിച്ചിട്ടില്ലെങ്കിലും തായ്‌വാനെ തങ്ങളുടെ അഭിവാജ്യ ഭാഗമായാണ് ചൈന കാണുന്നത്.  Comprehensive and Progressive Agreement for Trans-Pacific Partnership (CPTPP) എന്ന സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ഭാഗമാകാനുള്ള തായ്‌വാന്റെ ശ്രമങ്ങളാണ് തായ്‌വാൻ വ്യോമ പ്രതിരോധ മേഖലയിൽ കൂടുതൽ ചൈനീസ് വിമാന സാന്നിധ്യത്തിനുള്ള കാരണമായി നിരീക്ഷകർ കാണുന്നത്. 

" ലോകത്ത് ആകെ ഒരു ചൈനയേ ഉള്ളൂ. തായ്‌വാൻ ആ ചൈനയുടെ ഭാഗമാണ്. ഔദ്യോഗികമായ ഏതെങ്കിലും കരാറുമായോ സംഘടനയുമായോ ചേരുന്നതിനെ ഞങ്ങൾ എതിർക്കും" ചൈനീസ് വിദേശകാര്യ വക്താവിന്റെ കഴിഞ്ഞ മാസം 23ന്റെ ട്വീറ്റിൽ പറയുന്നു. തായ്‌വാനെ സമ്മർദ്ദത്തിലാക്കാനാണ് തായ്‌വാന്റെ പുതിയ നീക്കങ്ങൾ. 




പുതിയ നീക്കങ്ങൾ ചൈനീസ് സൈനിക ശക്തിയെ എങ്ങനെ സഹായിക്കും ?

തായ്‌വാനെതിരെ എന്തൊരു സൈനിക നീക്കം നടത്തുന്നതിന് മുൻപായിട്ട് അവരുടെ  സൈനിക ശക്തിയെക്കുറിച്ച് അറിയേണ്ടതുണ്ട്. തങ്ങൾക്കതിരെ ഒരു അക്രമണമുണ്ടായാൽ തായ്‌വാൻ അതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് അറിയുന്നതിലൂടെ അവരുടെ സൈനിക ശക്തിയെക്കുറിച്ച സാമാന്യ ധാരണ തങ്ങൾക്ക് ലഭിക്കുമെന്നത് കൂടിയാണ് ഇത്തരമൊരു നീക്കത്തിന് ചൈന മുതിരാൻ കാരണം. തായ്‌വാന്റെ വ്യോമ പ്രതിരോധമേഖലയിൽ കൂടുതൽ വിമാനങ്ങൾ വിന്യസിക്കുക വഴി ഒരു യുദ്ധമുണ്ടായാൽ സന്നാഹമൊരുക്കാനും ചൈനീസ് സൈന്യത്തെ സഹായിക്കും. അതുകൊണ്ട്തന്നെ കൂടുതൽ ചൈനീസ് വിമാനങ്ങൾ വരുംദിവസങ്ങളിലും തായ്‌വാൻ വ്യോമപ്രതിരോധ മേഖലക്കു മീതെ പറക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ കാണുന്നത്.


എന്താണ് തായ്‌വാന്റെ സൈനിക ശക്തി? 

ചൈനയെ അപേക്ഷിച്ച് വളരെ കുറച്ച് യുദ്ധവിമാനങ്ങൾ മാത്രമേ തായ്‌വാനുള്ളൂ. തായ്‌വാൻ ചൈനയെ വിമാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചാൽ അവർക്ക് തന്നെ അത് നഷ്ടമാവുകയുള്ളൂ. തായ്‌വാന്റെ യുദ്ധവിമാനങ്ങൾ മുപ്പതിലധികം വർഷം പഴക്കമുള്ളതാണ്. അത്കൊണ്ട് തന്നെ ചൈനയുടെ പ്രകോപനത്തിന് നിന്ന് കൊടുക്കാതെയിരിക്കാനാണ് തായ്‌വാൻ കൂടുതൽ ശ്രദ്ധിക്കുക. 


തായ്‌വാന്റെ സുഹൃത്തുക്കൾക്കുള്ള സന്ദേശമെന്ത്? 

തായ്‌വാന്റെ പ്രതിരോധത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിറ്റേന്നാണ് ഏപ്രിലിൽ 25ഓളം യുദ്ധവിമാനങ്ങൾ തായ്‌വാൻ വ്യോമ പ്രതിരോധമേഖലിയിലൂടെ പറന്നത്. ജി.7 രാജ്യങ്ങൾ തായ് വാന് പിന്തുണ അറിയിച്ച് പ്രസ്താവന ഇറക്കിയതിനെ തുടർന്നാണ് ജൂണിൽ 28 ചൈനീസ് യുദ്ധവിമാനങ്ങൾ പറത്തിയത്. അമേരിക്കയും, ജപ്പാനും ബ്രിട്ടനും നെതർലാൻഡ്‌സും ചേർന്ന് തായ്‌വാന് 730 കിലോമീറ്റർ അകലെ നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന് ശേഷമാണ് കഴിഞ്ഞ ആഴ്ച മുതൽ തായ്‌വാൻ വ്യോമ പ്രതിരോധ മേഖലയിൽ ചൈനീസ് വിമാനങ്ങൾ പറന്നത്. ഇത് തായ്‌വാനെ അനുകൂലിക്കുന്നവർക്കുള്ള ശക്തമായ സന്ദേശമായി നിരീക്ഷികർ കാണുന്നു.







Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News