മദ്യപിച്ച് ലക്കുകെട്ട് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങി; സ്വപ്നമാണെന്ന് കരുതി വയറ്റിൽ സ്പൂണുമായി യുവാവ് നടന്നത് മാസങ്ങൾ

സ്പൂൺ വിഴുങ്ങി ആറ് മാസങ്ങൾക്ക് ശേഷമാണ് വയറ്റിൽ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യാങ് ഷാങ്ഹായിലെ സോങ്‌ഷാൻ ആശുപത്രിയിലെത്തിയത്

Update: 2025-06-28 15:28 GMT
Editor : Jaisy Thomas | By : Web Desk

ബെയ്‍ജിങ്: സുഹൃത്തുക്കളോടൊപ്പമുള്ള അവധി ആഘോഷത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് ചൈനീസ് യുവാവ് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങി. വിഴുങ്ങിയെന്ന് മാത്രമല്ല, ഇത് സ്വപ്നമാണെന്ന് കരുതി മാസങ്ങളോളം വയറ്റിൽ സ്പൂണുമായി ജീവിക്കുകയും ചെയ്തു. തായ്‍ലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് 29കാരനായ യാങ് എന്ന യുവാവ് 15 സെന്‍റി മീറ്റര്‍ നീളമുള്ള കോഫി സ്പൂൺ വിഴുങ്ങിയതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്പൂൺ വിഴുങ്ങി ആറ് മാസങ്ങൾക്ക് ശേഷമാണ് വയറ്റിൽ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യാങ് ഷാങ്ഹായിലെ സോങ്‌ഷാൻ ആശുപത്രിയിലെത്തിയത്. പ്ലാസ്റ്റിക് അകത്തുപോയതായിരിക്കാം എന്ന സംശയത്തോടെയാണ് പരിശോധിച്ചത്. എന്നാൽ പരിശോധനയിൽ വയറിനുള്ളിൽ സ്പൂൺ കണ്ടെത്തുകയായിരുന്നു. ചെറുകുടലിന്‍റെ മുകൾഭാഗത്തായിട്ടായിരുന്നു സ്പൂൺ കിടന്നിരുന്നത്. ചെറുകുടലിൽ വലിയ മുറിവുകളോ രക്തസ്രാവമോ ഉണ്ടാക്കുമായിരുന്നുവെന്നും എന്നാൽ മാസങ്ങളായി ആ വസ്തു ഗുരുതരമായ കേടുപാടുകൾ വരുത്താതിരുന്നത് അത്ഭുതമായിരിക്കുന്നുവെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം.

Advertising
Advertising

അപ്പോഴാണ് യാങ് ജനുവരിയിൽ നടത്തിയ തായ്‍ലാൻഡ് യാത്രയെക്കുറിച്ച് ഓര്‍ത്തത്. ഹോട്ടൽ മുറിയിൽ മദ്യപിക്കുകയും ഒരു സ്പൂൺ ഉപയോഗിച്ച് ഛർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തത് അയാൾ ഓർത്തു. സ്പൂൺ അബദ്ധത്തിൽ വിഴുങ്ങിയത് മദ്യലഹരിയിൽ യാങ് അറിഞ്ഞില്ല. പിറ്റേന്ന് ഒരു സ്വപ്നമാണെന്ന് കരുതി അത് വിട്ടുകളയുകയും ചെയ്തു. സ്പൂൺ വയറ്റിലുണ്ടെന്നറിയാത യാങ് ചൈനയിലേക്ക് തിരികെ പോവുകയും വ്യായാമം ഉൾപ്പെടെയുള്ള ദിനചര്യകൾ പുനരാരംഭിക്കുകയും ചെയ്തു. എൻഡോസ്കോപ്പിക് പരിശോധനയ്ക്ക് ശേഷമാണ് സ്പൂൺ കണ്ടെത്തിയത്. എന്നാൽ അത് പുറത്തെടുക്കാൻ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നു. ആശുപത്രിയിലെ എൻഡോസ്കോപ്പി സെന്‍ററിന്‍റെ തലവനായ ഡോ. ഷൗ ഹോങ്‌പിംഗ് ആണ് സങ്കീർണ്ണമായ നടപടിക്രമത്തിന് നേതൃത്വം നൽകിയത്.

സ്നെയർ ഫോഴ്സ്പ്സ് ഉപയോഗിച്ചുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനുശേഷം, സംഘം രണ്ട് വ്യത്യസ്ത ഫോഴ്സ്പ്സ് ഉപയോഗിച്ച് സ്പൂൺ വയറ്റിലേക്ക് തിരികെ കടത്തി ഒടുവിൽ അത് നീക്കം ചെയ്തു. ശസ്ത്രക്രിയ 90 മിനിറ്റ് നീണ്ടുനിന്നു. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ജൂൺ 18ന് യാങ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിടുകയും ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News